മെസ്സി വീണുകിടക്കുന്ന ചിത്രം പങ്കുവെച്ചു, റാകിറ്റിച്ചിന് പൊങ്കാല
ബാഴ്സലോണയിലെ ഉറ്റസുഹൃത്തുക്കളാണ് മെസ്സിയും ഇവാൻ റാകിറ്റിച്ചും. എന്നാൽ മെസ്സി ആരാധകരുടെ കയ്യിൽ നിന്ന് പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണിപ്പോൾ റാകിറ്റിച്ചിന്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് മെസ്സി ആരാധകരെ ചൊടിപ്പിച്ചത്. അശ്ലീലആംഗ്യങ്ങളും ഔട്ട് എന്നൊക്കെ വിളിച്ചുമാണ് മെസ്സി ആരാധകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.

2018 വേൾഡ് കപ്പിൽ നടന്ന അർജന്റീന-ക്രൊയേഷ്യ മത്സരത്തിലെ ഏതാനും ചിത്രങ്ങളായിരുന്നു റാക്കിറ്റിച്ച് പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇതിലെ അഞ്ചാമത്തെ ചിത്രം മെസ്സി ഗ്രൗണ്ടിൽ വീണുകിടക്കുന്നതും റാക്കിറ്റിച്ച് പന്തുമായി മുന്നേറുന്നതുമായിരുന്നു. ഈ ചിത്രമാണ് മെസ്സി ആരാധകരെ പ്രകോപിപ്പിച്ചത്. സഹതാരമായ മെസ്സിയെ മനഃപൂർവം റാക്കിറ്റിച്ച് അവഹേളിക്കുകയാണ് എന്നാണ് ഒരു കൂട്ടം മെസ്സി ആരാധകരുടെ ഭാഷ്യം. ഈ സീസണിൽ റാക്കിറ്റിച്ച് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
