മെസ്സിയൊരു സമ്പൂർണനായ നായകൻ, താരത്തെ വീണ്ടും പുകഴ്ത്തി കൂമാൻ !

സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടും പുകഴ്ത്തി എഫ്സി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. മെസ്സിയൊരു സമ്പൂർണനായ നായകനാണ് എന്നാണ് കൂമാൻ താരത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ. ദിവസം എൻഒഎസിന് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ചു കൊണ്ട് എഎസ്സാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഒരു ക്യാപ്റ്റൻ എന്ന നിലയിലും ഒരു താരമെന്ന നിലയിലും താൻ എന്തൊക്കെ മെസ്സിയിൽ നിന്ന് പ്രതീക്ഷിച്ചുവോ അതെല്ലാം നൽകാൻ മെസ്സിക്ക് കഴിഞ്ഞുവെന്ന് കൂമാൻ തുറന്നു പറഞ്ഞു.ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്തായിരുന്നു കൂമാൻ ബാഴ്‌സയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. മെസ്സിയും കൂമാനും തമ്മിൽ അത്ര രസത്തിലല്ല എന്ന വാർത്തകൾ ഉടനടി തന്നെ മാധ്യമങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപറത്തി കൊണ്ടാണ് കൂമാന്റെ പ്രസ്താവനകൾ പുറത്തു വരുന്നത്. ഈയിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം കൂമാൻ മെസ്സിയെ പ്രശംസിക്കാൻ മറന്നിരുന്നില്ല.

” ഒരു താരമെന്ന നിലയിലും ഒരു ക്യാപ്റ്റൻ എന്ന നിലയിലും ഞാൻ മെസ്സിയിൽ നിന്ന് എന്ത് പ്രതീക്ഷിച്ചുവോ അത് ചെയ്തു തരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം സമ്പൂർണനായ ഒരു ക്യാപ്റ്റനാണ്. ഞാൻ പരിശീലകനായി ഇവിടെ എത്തിയ ശേഷം മെസ്സിയെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് സന്ദർശിക്കുകയും ഭാവിയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അതൃപ്തിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അവസാനം സാഹചര്യങ്ങൾ മാറുകയും അദ്ദേഹം ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. അതിന് ശേഷം അദ്ദേഹത്തെ ഏറെ മികവുറ്റതായാണ് കാണാൻ സാധിച്ചത് ” കൂമാൻ പറഞ്ഞു. ബാഴ്സയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നു. വിയ്യാറയലിനെതിരെ ഒരു ഗോൾ കണ്ടെത്താനും മെസ്സിക്ക്‌ സാധിച്ചു. നിലവിൽ അർജന്റീന ടീമിനൊപ്പമാണ് മെസ്സി.

Leave a Reply

Your email address will not be published. Required fields are marked *