ഉയരമേറിയ മൈതാനത്ത്‌ കളിക്കുന്നത് ബുദ്ധിമുട്ടാകും, ദിബാല ബൊളീവിയക്കെതിരെ ഉണ്ടാവില്ല !

അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലക്ക്‌ ബൊളീവിയക്കെതിരെയുള്ള മത്സരവും നഷ്ടമായേക്കും. താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളാണ് താരത്തിന് മത്സരം നഷ്ടമാവാൻ കാരണം. ബൊളീവിയയിലേക്ക് സഞ്ചരിച്ച അർജന്റൈൻ ടീമിനോടൊപ്പം ദിബാല പോയിട്ടില്ല. പകരം താരം അർജന്റീനയിൽ തന്നെ തുടരുകയാണ് ചെയ്തത്. വയറു സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം അർജന്റീനയുടെ ആദ്യ മത്സരമായ ഇക്വഡോറിനെതിരെ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. അത് തന്നെയാണ് ഇപ്പോഴും താരത്തിന് വിനയായത്. ദിബാല പൂർണ്ണഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാൽ ഡോക്ടർമാർ താരത്തെ ബൊളീവിയയിലേക്ക് കൊണ്ടുപോവുന്നതിൽ നിന്നും വിലക്കുകയായിരുന്നു.

ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ബൊളീവിയയുടെ മൈതാനമായ ലാപാസ് സ്ഥിതി ചെയ്യുന്നത് ഏറെ ഉയരത്തിലാണ്. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തിൽ പരിചിതമല്ലാത്ത താരങ്ങൾക്ക്‌ ശ്വാസതടസം അനുഭവപ്പെട്ടേക്കാം. അത്കൊണ്ട് തന്നെ ഇത്തരമൊരു അവസ്ഥയിൽ ദിബാല കൊണ്ടു പോവുന്നത് റിസ്ക്ക്‌ ആണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്നാണ് അർജന്റീന ടീം താരത്തെ ഒഴിവാക്കിയത്. ബ്യൂണസ് ഐറസിൽ ഇന്നലെ നടന്ന പരിശീലനത്തിൽ ദിബാല പങ്കെടുത്തിരുന്നു. അവിടെ തന്നെ തുടർന്ന ദിബാല ഇനി ഇറ്റലിയിലേക്ക് തന്നെ തിരിച്ചു പറന്നേക്കും. അടുത്ത ശനിയാഴ്ച യുവന്റസിന്റെ ക്രോടോണക്കെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് താരം.അപ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!