മെസ്സിയെയും ക്രിസ്റ്റ്യാനോയെയും മറികടക്കാൻ നെയ്മർക്കാവുമെന്ന് മുൻ പിഎസ്ജി പരിശീലകൻ
സൂപ്പർ താരങ്ങളായ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും മറികടന്ന് ലോകത്തെ മികച്ച താരമാവാൻ പ്രാപ്തി ഉള്ളവനാണ് നെയ്മറെന്നും താരത്തിന് അതിന് കഴിയുമെന്നും അഭിപ്രായപ്പെട്ട് മുൻ പിഎസ്ജി പരിശീലകൻ ഉനൈ എംറി. കഴിഞ്ഞ ദിവസം ഗ്രനാഡേ പരിശീലകൻ ഡിയഗോ മാർട്ടിനെസുമായിട്ടുള്ള അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇത്തരത്തിലൊരു അഭിപ്രായവുമായി മുന്നോട്ട് വന്നത്. മെസ്സിയെയും ക്രിസ്റ്റ്യാനോയെയും മറികടക്കാനുള്ള ടാലെന്റ് നെയ്മർക്കുണ്ടെന്നും അതിനുള്ള സമയവും അദ്ദേഹത്തിന് മുന്നിലുണ്ടെന്നും എംറി പ്രസ്താവിച്ചു. പിഎസ്ജിയിലെ തന്റെ ആദ്യസീസൺ നെയ്‌മർ എംറിയോടൊപ്പമായിരുന്നു വർക്ക് ചെയ്തിരുന്നത്. 2018-ൽ ഇദ്ദേഹം പിഎസ്ജി വിട്ട് ആഴ്‌സണലിലേക്ക് ചേക്കേറി.
” നെയ്മറോടൊപ്പം ഒരു മികച്ച വർഷമായിരുന്നു ഞാൻ ചിലവഴിച്ചത്. ഓരോ പരിശീലനസെഷനുകളിലും ഓരോ മത്സരത്തിലും ഞാൻ അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിനുള്ളിൽ അപാരമായ ടാലെന്റുണ്ട്. തന്റെ ക്വാളിറ്റികളെ പുറത്തെടുക്കാനുള്ള കഴിവും നെയ്മർക്കുണ്ട്. മെസ്സിയെയും റൊണാൾഡോയെയും മറികടന്ന് ലോകത്തിലെ മികച്ച താരമാവാൻ അദ്ദേഹത്തിന് കഴിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അദ്ദേഹത്തിന് അതിനുള്ള സമയവുമുണ്ട് ” ഉനൈ എംറി പറഞ്ഞു.