മെസ്സിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്ത കാര്യം വെളിപ്പെടുത്തി കൂമാൻ !

ഏറെ കലുഷിതമായ ഒരു സാഹചര്യത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ എത്തുന്നത്. ബയേണിനോടേറ്റ നാണം കെട്ട തോൽവിയും മെസ്സിയുടെ ക്ലബ് വിടാനുള്ള ശ്രമങ്ങൾക്കുമിടയിലായിരുന്നു കൂമാന്റെ വരവ്. അദ്ദേഹം പരിശീലകനായി ചുമതലയേറ്റ ഉടനെ ആദ്യം കൂടിക്കാഴ്ച്ച നടത്തിയ താരം ലയണൽ മെസ്സിയായിരുന്നു. മെസ്സിയെ കൺവിൻസ് ചെയ്ത് ബാഴ്‌സയിൽ തന്നെ നിലനിർത്തുക എന്ന ഉത്തരവാദിത്തം കൂടി കൂമാനിൽ അർപ്പിതമായിരുന്നു. ഇപ്പോഴിതാ അന്നത്തെ കൂടിക്കാഴ്ച്ചയിൽ തങ്ങൾ സംസാരിച്ചതെന്തെന്ന് വെളിപ്പടുത്തിയിരിക്കുകയാണ് കൂമാൻ. മെസ്സിക്ക് ക്ലബുമായി പ്രശ്നങ്ങൾ ഉള്ള കാര്യം അദ്ദേഹം തന്നോട് തുറന്നു പറഞ്ഞുവെന്നും അതിനുള്ള കാരണങ്ങൾ എല്ലാം തന്നെ അദ്ദേഹം തുറന്നു പറഞ്ഞുവെന്നും എന്നാൽ എനിക്ക് മാറ്റാൻ കഴിയുന്നത് ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണെന്നും അതിൽ താൻ മെസ്സിക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും കൂമാൻ കൂട്ടിച്ചേർത്തു.

” ഞാൻ ഇവിടെ എത്തിയ ഉടനെ അവർ എന്നോട് പറഞ്ഞു മെസ്സി അസന്തുഷ്ടനാണ് എന്ന്. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് സംസാരിച്ചിരുന്നു. അദ്ദേഹം അതിനുള്ള കാരണങ്ങൾ എല്ലാം തന്നെ എനിക്ക് വിശദീകരിച്ചു തന്നു.ഞാൻ അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് ഫുട്ബോളുമായി ബന്ധപ്പെട്ടത് മാത്രമേ മാറ്റാൻ കഴിയുകയൊള്ളൂ എന്നാണ്. അദ്ദേഹത്തിന്റെ പൊസിഷൻ,മെസ്സിയുടെ ടീമിലെ പ്രാധ്യാന്യം, സിസ്റ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇവയിൽ എല്ലാം എനിക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കും. പക്ഷെ ക്ലബുമായുള്ള പ്രശ്നത്തിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന് എപ്പോഴും മികച്ചതായി നിലനിൽക്കാൻ ആഗ്രഹമുണ്ട്. ക്ലബുമായി മാത്രമായിരുന്നു അദ്ദേഹത്തിന് പ്രശ്നങ്ങൾ. മെസ്സിയില്ലാത്ത ബാഴ്സയേക്കാൾ എന്ത് കൊണ്ടും മികച്ചതാണ് മെസ്സിയുള്ള ബാഴ്സ ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *