മെസ്സിയുടെ എല്ലാ മത്സരങ്ങളും കാണുന്ന കടുത്ത ആരാധകനാണ് താനെന്ന് അർജന്റീന വണ്ടർ കിഡ് !

മെസ്സിയോടുള്ള ആരാധന ഒരിക്കൽ കൂടി തുറന്നു കാണിച്ചിരിക്കുകയാണ് റയൽ മയ്യോർക്കയുടെ അർജന്റൈൻ വണ്ടർ കിഡ് ലൂക്ക റോമെറോ. കഴിഞ്ഞ ദിവസം ഒലെക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. മുൻപ് മെസ്സിയുമായുള്ള താരതമ്യം തന്നെ അലോസരപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം തന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ മുഴങ്ങികേട്ടത്. കഴിഞ്ഞ ലാലിഗയിൽ റയൽ മയ്യോർക്കക്ക് വേണ്ടി റയൽ മാഡ്രിഡിനെതിരെ ബൂട്ടണിഞ്ഞു കൊണ്ട് റെക്കോർഡ് ഇട്ട താരമാണ് റോമെറോ. കളത്തിലിറങ്ങുമ്പോൾ താരത്തിന്റെ വയസ്സ് 15 വർഷവും 219 ദിവസവും മാത്രമായിരുന്നു. ലാലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാൻ റോമെറോക്ക് കഴിഞ്ഞിരുന്നു. അർജന്റൈൻ ദമ്പതികൾക്ക് മെക്സിക്കോയിൽ വെച്ച് പിറന്ന മകനാണ് റോമെറോ. അർജന്റീനക്ക് വേണ്ടി യൂത്ത് ടീമുകളിൽ ജേഴ്സി അണിയാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലയണൽ മെസ്സിയും റിക്വൽമിയുമായിരുന്നു തന്റെ ആരാധകപാത്രങ്ങളെന്നാണ് അദ്ദേഹം അറിയിച്ചത്. പുതിയ മെസ്സി, മെക്സിക്കൻ മെസ്സി എന്നൊക്കെ മാധ്യമങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഒരേയൊരു മെസ്സി മാത്രമേയൊള്ളൂ. അദ്ദേഹവുമായുള്ള താരതമ്യം എന്നെ അലോസരപ്പെടുത്തുന്നുണ്ട്. എനിക്ക് എന്റെ പേരിൽ അറിയപ്പെടാനാണ് താല്പര്യം. ഞാനൊരു മെസ്സി ആരാധകനാണ്. അദ്ദേഹത്തിന്റെ എല്ലാ മത്സരങ്ങളും കാണാറുണ്ട്. എന്റെ പിതാവ് റിക്വൽമിയുടെ വീഡിയോകൾ എനിക്ക് കാണിച്ചു തരുമായിരുന്നു. കാരണം അദ്ദേഹത്തെ പോലെ കളിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. റയലിനെതിരെ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ എനിക്ക് പേടിയൊന്നും അനുഭവപ്പെട്ടിട്ടില്ല. പാർക്കിൽ കൂട്ടുകാരോടൊപ്പം കളിക്കുന്ന പോലെയാണ് ഞാൻ അതിനെ സമീപിച്ചത്. ശരിക്കും ഞാനത് ആസ്വദിക്കുക തന്നെ ചെയ്തു. ” റോമെറോ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *