മെസ്സിക്ക് മാത്രം കിരീടം ഉറപ്പ് നൽകാനാവില്ല : മുൻ ബാഴ്സ കോച്ച്

ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിക്ക് പിന്തുണയുമായി മുൻ ബാഴ്സ കോച്ച് ലൂയിസ് മെനോട്ടി. മെസ്സിയെ കൊണ്ട് തനിച്ച്‌ കിരീടങ്ങൾ ബാഴ്സക്ക് ഉറപ്പ് നൽകാനാവില്ലെന്നും മെസ്സിയെ കൊണ്ട് ബാഴ്സയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പലപ്പോഴും മെസ്സിയെ മാത്രം ആശ്രയിച്ചാണ് ബാഴ്സ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” മെസ്സി നല്ലൊരു വേട്ടക്കാരനെ പോലെയാണ്. അദ്ദേഹം ഒരു ദിവസം ആയിരം ഇരകളെ വേട്ടയാടിപിടിച്ചാൽ അത് വളരെ മികച്ച പ്രകടനമായി നമ്മൾ കണക്കാക്കും. എന്നാൽ തൊട്ടടുത്ത ദിവസം മെസ്സി 999 ഇരകളെ മാത്രം വേട്ടയാടിയാൽ അദ്ദേഹത്തിന് ഉന്നമില്ലെന്നും മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്നും നമ്മൾ ആരോപിക്കും. മെസ്സി നിങ്ങളുടെ ടീമിൽ ഉണ്ടെന്ന് വെച്ച് നിങ്ങൾക്ക് കിരീടം ലഭിക്കണമെന്നില്ല. മാത്രമല്ല എപ്പോഴും നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിയണമെന്നില്ല എന്ന കാര്യം കൂടി നിങ്ങൾ തിരിച്ചറിയണം ” മെനോട്ടി പറഞ്ഞു.

” ചില സമയങ്ങളിൽ ബാഴ്സ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന സമയത്ത് മെസ്സി മികച്ച പ്രകടനം പുറത്തെടുത്ത് ബാഴ്‌സയെ രക്ഷിക്കുമ്പോൾ ആരും തന്നെ ബാഴ്സയുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്നില്ല. സത്യത്തിൽ മെസ്സിക്ക് ബാഴ്സയുടെ പ്രശ്നങ്ങളെ ഒരുപരിധി വരെ മറച്ചു പിടിക്കാൻ വരെ കഴിവുണ്ട്. പക്ഷെ മെസ്സി ഒരു ഫൈനലിൽ മങ്ങിയാൽ എല്ലാവരും അദ്ദേഹത്തെ ക്രൂശിക്കുന്നു. എന്നാൽ ബാഴ്സ എങ്ങനെയാണ് ഫൈനൽ വരെ എത്തിയതെന്ന് ആരും ഓർക്കുന്നില്ല. മെസ്സി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നില്ലായെങ്കിൽ ആദ്യറൗണ്ടിൽ തന്നെ ടീം പലപ്പോഴും പുറത്താവേണ്ടതാണ് ” മെനോട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *