മനോഹരമായ ഗോൾ നേടാനായതിൽ സന്തോഷം, ഹസാർഡ് പറയുന്നു !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ്‌ വിജയം കൊയ്തത്. റയൽ മാഡ്രിഡിന് വേണ്ടി കരിം ബെൻസിമ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ ഈഡൻ ഹസാർസ്, ഫെഡെ വാൽവെർദെ എന്നിവരാണ് നേടിയത്. മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയത് ഈഡൻ ഹസാർഡ് ആയിരുന്നു. ഈ സീസണിൽ ഹസാർഡിന്റെ ആദ്യ ലാലിഗ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ വാൽവെർദെയുടെ പാസ് സ്വീകരിച്ച ഹസാർഡ് ബോക്സിന് വെളിയിൽ നിന്ന് ഒരു ഉജ്ജ്വലഷോട്ടിലൂടെയാണ് വലകുലുക്കിയത്. മത്സരത്തിന് ശേഷം ഗോൾ നേടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഹസാർഡ്. റയൽ മാഡ്രിഡിന്റെ ട്വിറ്റെറിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ഹസാർഡ് തന്റെ സന്തോഷം അറിയിച്ചത്.

“എനിക്ക് കളത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ഒരു മനോഹരമായ ഗോളും കണ്ടെത്താൻ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. വീണ്ടും കണ്ടുമുട്ടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ” ഹസാർഡ് പറഞ്ഞു. 392 ദിവസങ്ങൾക്ക് ശേഷമാണ് ഹസാർഡ് റയൽ മാഡ്രിഡിന് വേണ്ടി ഗോൾ കണ്ടെത്തുന്നത്. 2019 ഒക്ടോബറിൽ ഗ്രനാഡക്കെതിരെയായിരുന്നു അതിന് മുമ്പ് ഹസാർഡ് ഗോൾ നേടിയിരുന്നത്. ഇതുവരെ ഇരുപത്തിനാലു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളാണ് ഹസാർഡ് റയലിനായി നേടിയിട്ടുള്ളത്. ഹസാർഡിന്റെ പ്രകടനത്തിൽ താനും സന്തോഷവാനാണ് എന്നാണ് പരിശീലകൻ സിദാൻ അറിയിച്ചത്. അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ പ്രകടനത്തിൽ താരം സന്തുഷ്ടനാണ് എന്നുമാണ് സിദാൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *