‘മകനായ’മെസ്സി ബാഴ്സയിൽ തുടരുന്നതിൽ സന്തോഷം, മെസ്സിയും ഹസാർഡും ഒരേ ലെവലിൽ ഉള്ളവർ, ഏറ്റുവിന് പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ എടുത്ത തീരുമാനം എല്ലാ ആരാധകരെ പോലെ തന്നെയും അതീവസന്തുഷ്ടനാക്കിയെന്ന് മുൻ ബാഴ്സ താരമായ സാമുവൽ ഏറ്റു. കഴിഞ്ഞ ദിവസം ലാലിഗയുടെ അവതരണചടങ്ങിലാണ് ഏറ്റു ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. മെസ്സിയെ തന്റെ മകൻ എന്നാണ് ഏറ്റു വിശേഷിപ്പിച്ചത്. തന്റെ മകൻ ബാഴ്സയിൽ തന്നെ തുടരുന്നതിൽ താൻ അതീവസന്തുഷ്ടവാനാണ് എന്നാണ് ഏറ്റു പറഞ്ഞത്. ചടങ്ങിൽ ഒട്ടേറെ മുൻ താരങ്ങൾ പങ്കെടുത്തിരുന്നു. ആൻഡ്രസ് ഇനിയേസ്റ്റ, ഐകർ കസിയ്യസ്, ലൂയിസ് ഗാർഷ്യ, ഡിയഗോ ഫോർലാൻ എന്നിവരൊക്കെ തന്നെയും ചടങ്ങിൽ സംബന്ധിച്ചു. അതേ സമയം മെസ്സിയും ഹസാർഡും ഒരേ ലെവലിൽ ഉള്ളതാണ് എന്നാണ് ഏറ്റുവിന്റെ അഭിപ്രായം. അടുത്ത സീസണിൽ ബാഴ്സ ലാലിഗ നേടുമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

” അടുത്ത ലാലിഗ കിരീടം നേടാൻ പോവുന്നത് എഫ്സി ബാഴ്സലോണ തന്നെയാണ്. പക്ഷെ എനിക്ക് മയ്യോർക്കയോടാണ് താല്പര്യം. അത്‌ എന്റെ ഹൃദയത്തിൽ പതിഞ്ഞ ക്ലബാണ്. മയ്യോർക്ക ലാലിഗയുടെ മുൻനിരയിലേക്ക് വരുന്നത് ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്റെ മകനായ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചതിൽ ഞാൻ അതീവസന്തോഷവാനാണ്. പക്ഷെ ടീം മെച്ചപ്പെടണമെങ്കിൽ മെസ്സി മാത്രം പോരാ. ബാഴ്സയുടെ ശൈലിയിൽ കളിക്കുന്ന ഒരുപാട് പേരെ ബാഴ്സക്ക് വേണം. ടിക്കി ടാക്ക കളിക്കുന്ന താരങ്ങളെയാണ് ബാഴ്സക്ക് വേണ്ടത്. അല്ലാതെ ബോക്സ് ടു ബോക്സ് കളിക്കുന്ന താരങ്ങളെ അല്ല. റയൽ മാഡ്രിഡ്‌ താരമായ ഹസാർഡ് മെസ്സിയുടെ ലെവലിൽ തന്നെ ഉള്ള താരമാണ്. പക്ഷെ സെർജിയോ ബുസ്ക്കെറ്റ്‌സിനെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിൽ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ആ ലെവൽ കണ്ടെത്തിയാൽ തീർച്ചയായും ബാഴ്‌സക്ക് കിരീടങ്ങൾ നേടാൻ കഴിയും ” ഏറ്റു അവതരണവേളയിൽ പറഞ്ഞു. മുമ്പ് മെസ്സിയും ഏറ്റുവും ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതിന് മുമ്പ് മയ്യോർക്കക്ക് വേണ്ടിയായിരുന്നു ഈ കാമറൂൺ താരം കളിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *