ബാഴ്‌സ ലക്ഷ്യമിട്ട ട്രാൻസ്ഫറുകൾ നടക്കാതെ പോയതിന്റെ കാരണമെന്തെന്ന് കൂമാൻ പറയുന്നു !

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒത്തിരി മികച്ച താരങ്ങളെയായിരുന്നു എഫ്സി ബാഴ്സലോണ ലക്ഷ്യം വെച്ചിരുന്നത്. ലൗറ്ററോ മാർട്ടിനെസ്, മെംഫിസ് ഡീപേ, ഡോണി വാൻ ഡി ബീക്ക്, എറിക് ഗാർഷ്യ എന്നിവരെയൊക്കെ നോട്ടമിട്ടിരുന്നുവെങ്കിലും ഒന്നും നടന്നിരുന്നില്ല. കൂമാൻ വന്നതിന് ശേഷം ആകെ വാങ്ങാൻ സാധിച്ചത് സെർജിനോ ഡെസ്റ്റിനെ മാത്രമാണ്. എന്നാലാവട്ടെ ലൂയിസ് സുവാരസ്, ആർതുറോ വിടാൽ, ഇവാൻ റാക്കിറ്റിച്ച്, നെൽസൺ സെമെഡോ എന്നിവരൊക്കെ തന്നെയും ക്ലബ് വിടുകയും ചെയ്തു. എന്നാൽ ബാഴ്‌സയുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങൾ നടക്കാത്തത്തിന്റെ കാരണം ബാഴ്‌സയുടെ സാമ്പത്തികപ്രതിസന്ധി തന്നെയാണ് എന്നറിയിച്ചിരിക്കുകയാണ് കൂമാൻ. എന്നിരുന്നാലും തന്റെ സ്‌ക്വാഡിൽ താൻ സന്തുഷ്ടനാണെന്നും ഫാറ്റിയെ പോലൊരു താരമുണ്ടായത് മുതൽക്കൂട്ടാണെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം ബാഴ്സക്ക്‌ 203 മില്യൺ യൂറോ വരുമാനത്തിൽ കുറവ് വരികയും 97 മില്യൺ യൂറോയോളം നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

” നിലവിലുള്ള സ്‌ക്വാഡ് ഓക്കേയാണ്. എന്റെ പക്കലുള്ള സ്‌ക്വാഡിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾ സ്‌ക്വാഡ് മെച്ചപ്പെടുത്താൻ വേണ്ടി ചില പൊസിഷനുകളിലേക്ക് ചില താരങ്ങൾക്ക്‌ വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ അതിന് സാധിച്ചിരുന്നില്ല. അതിന് കാരണം ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി തന്നെയാണ്. അത്കൊണ്ട് തന്നെ ഞങ്ങൾ അത് അംഗീകരിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെയുള്ള അൻസു ഫാറ്റിയുടെ പ്രകടനം ഏറ്റവും മികച്ചതാണ്. നമ്മൾ ഒരു പതിനേഴുകാരനെ പറ്റിയാണ് സംസാരിക്കുന്നത് എന്നോർമ്മ വേണം. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഈ പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് വലിയൊരു പ്രതിഭ തന്നെയുണ്ട്. ഓരോ ദിവസവും അദ്ദേഹം പുരോഗതി കൈവരിക്കുന്നുണ്ട് ” കൂമാൻ ബാഴ്‌സ ടിവിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *