പുതിയ താരങ്ങളെയെത്തിക്കില്ല, വിൽക്കാനൊരുങ്ങുന്നത് അനേകം താരങ്ങളെ, റയലിന്റെ ട്രാൻസ്ഫർ പദ്ധതികൾ ഇങ്ങനെ
മറ്റെല്ലാ ക്ലബുകളെ പോലെയും കോവിഡ് പ്രതിസന്ധി സാമ്പത്തികമായി റയൽ മാഡ്രിഡിനെയും ബാധിച്ചിട്ടുണ്ട്. വലിയ തോതിലുള്ള തിരിച്ചടികൾ ഒന്നും തന്നെ റയലിന് സാമ്പത്തികമായി നേരിട്ടിട്ടില്ലെങ്കിലും സ്വാഭാവികമായ താളംതെറ്റൽ റയൽ മാഡ്രിഡിനും സംഭവിച്ചിട്ടുണ്ട്. പൊതുവെ ട്രാൻസ്ഫർ മാർക്കറ്റുകളിൽ പണം വീശി താരങ്ങളെയെത്തിക്കാറുള്ള റയൽ ഇത്തവണ അതിന് മുതിർന്നേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡിന് നിലവിലുള്ള സ്‌ക്വാഡ് തന്നെ മതിയെന്നും പുതിയ താരങ്ങളെ എത്തിക്കേണ്ട ആവിശ്യമില്ലെന്നും സിദാൻ അറിയിച്ചതിനെ തുടർന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ വലിയ ചലനം സൃഷ്ടിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ടീമിലുള്ള ചില താരങ്ങളെ വിറ്റ് പണം സേവ് ചെയ്യാനും റയൽ ലക്ഷ്യമിടുന്നുണ്ട്. ഇരുന്നൂറ് മില്യൺ യുറോയോളമാണ് സേവ് ചെയ്യാൻ കഴിയുമെന്ന് റയൽ പ്രതീക്ഷിക്കുന്നത്.
നിലവിലെ അഷ്‌റഫ് ഹാക്കിമി, ഹാവി സാഞ്ചസ് എന്നീ താരങ്ങളെ റയൽ മാഡ്രിഡ് വിറ്റു കഴിഞ്ഞു. ഇവരെ കൂടാതെ ജെയിംസ് റോഡ്രിഗസ്, ഗാരെത് ബെയ്ൽ എന്നീ താരങ്ങളെ കൂടി വിൽക്കാനാണ് റയൽ പദ്ധതിയിട്ടിരിക്കുന്നത്. മാഞ്ചെസ്റ്റെർ യുണൈറ്റഡ്, ആഴ്‌സണൽ എന്നീ ക്ലബുകൾ ജെയിംസിന് വേണ്ടി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബെയ്‌ലിന്റെ കാര്യം റയലിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. അതേ സമയം ഡാനി സെബയോസ്, മരിയാനോ ഡയസ്, ബ്രാഹിം ഡയസ് എന്നീ താരങ്ങളുടെ ഭാവിയെ കുറിച്ചും റയൽ ആലോചിക്കുന്നുണ്ട്. സെബയോസ് നിലവിൽ ആഴ്‌സണലിൽ ലോണിൽ ആണ്. സ്ഥിരമാക്കാൻ ആഴ്‌സണലിന് താല്പര്യമുണ്ടെങ്കിലും റയൽ പ്രതികരണം അറിയിച്ചിട്ടില്ല.
കൂടാതെ രണ്ട് ഡയസുമാരെയും ലോണിൽ അയക്കുകയോ വിൽക്കുകയോ ആയിരിക്കും റയൽ ചെയ്യുക. അതേസമയം പുതിയ താരങ്ങളെ എത്തിക്കേണ്ട എന്ന അഭിപ്രായക്കാരനാണ് സിദാൻ. റയൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരം എന്നുള്ളത് ഒന്ന് എംബാപ്പെയാണ്. താരത്തെ ഉടൻ തന്നെ റയലിലേക്ക് കൊണ്ടുവരേണ്ട എന്നാണ് സിദാന്റെ അഭിപ്രായം. മറ്റു പ്രധാനപ്പെട്ട താരങ്ങൾ ഒന്നും തന്നെ സിദാന്റെ അജണ്ടയിൽ ഇല്ലെന്നും നിലവിലെ സ്‌ക്വാഡ് വെച്ച് തന്നെ ഏറെ മുന്നോട്ട് പോവാനാവും എന്നാണ് സിദാന്റെ പ്രതീക്ഷിയെന്നും മാധ്യമങ്ങൾ പറയുന്നത്.