പതിനെട്ടു വർഷത്തിനിടെയുള്ള ഏറ്റവും മോശം തുടക്കവുമായി കൂമാന്റെ ബാഴ്‌സ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്സലോണ സമനിലകുരുക്കിൽ അകപ്പെട്ടിരുന്നു. പത്ത് പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യത്തോടെ പൊരുതിയ അലാവസാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. സമീപകാലത്തെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ബാഴ്സ കടന്നു പോവുന്നത് എന്ന് വ്യക്തമാണ്. എന്തെന്നാൽ അവസാനനാലു ലീഗ് മത്സരത്തിൽ ഒന്നിൽ പോലും വിജയിക്കാൻ കൂമാന്റെ ബാഴ്സക്ക് സാധിച്ചിട്ടില്ല. രണ്ട് തോൽവിയും രണ്ട് സമനിലയുമായിരുന്നു ഈ മത്സരങ്ങളിൽ ബാഴ്സയുടെ സമ്പാദ്യം. റയൽ മാഡ്രിഡ്, ഗെറ്റാഫെ എന്നീ ടീമുകളോട് ബാഴ്സ പരാജയമറിഞ്ഞപ്പോൾ സെവിയ്യ, അലാവസ് എന്നിവർ ബാഴ്സയെ പിടിച്ചു കെട്ടി. എന്നാൽ ചാമ്പ്യൻസ് ലീഗിലെ രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയം നേടാൻ ബാഴ്‌സക്ക് സാധിച്ചിരുന്നു. പക്ഷെ ഈ ലാലിഗയിലെ മോശം പ്രകടനം നാണക്കേടിന്റെ കണക്കുകളാണ് ബാഴ്സക്ക് സമ്മാനിച്ചിരിക്കുന്നത്. പതിനെട്ടു വർഷത്തിനിടെയുള്ള ഏറ്റവും മോശം തുടക്കമാണ് കൂമാന്റെ ബാഴ്സക്ക് ഇത്തവണ ലഭിച്ചത്.
Koeman's tenure is off to a shocking start 🤦♂️
— Goal News (@GoalNews) October 31, 2020
ആറു മത്സരങ്ങളിൽ നിന്ന് രണ്ട് ജയം, രണ്ട് തോൽവി, രണ്ട് സമനില എന്നിവ നേടികൊണ്ട് കേവലം എട്ട് പോയിന്റ് മാത്രമാണ് ബാഴ്‌സയുടെ സമ്പാദ്യം. ടേബിളിൽ പന്ത്രണ്ടാം സ്ഥാനത്തുമാണ് ബാഴ്സ. ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായി എട്ട് പോയിന്റിന്റെ വിത്യാസമുണ്ട് ബാഴ്സക്ക്. ആറു മത്സരത്തിന് ശേഷം ഇത്രയും കുറഞ്ഞ പോയിന്റുകൾ ബാഴ്സ നേടുന്നത് പതിനെട്ടു വർഷത്തിന് ശേഷം ഇതാദ്യമായാണ്. 2002-03 സീസണിലായിരുന്നു ഇതിന് മുമ്പ് ഇത്രയും മോശം തുടക്കം ബാഴ്സക്ക് ലഭിച്ചത്. ആ സീസണിൽ ബാഴ്‌സ ഫിനിഷ് ചെയ്തത് ആറാം സ്ഥാനത്തായിരുന്നു. മികച്ച താരനിര തന്നെയുണ്ടായിട്ടും ബാഴ്‌സയുടെ ഈ മോശം പ്രകടനം ആരാധകർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. മാത്രമല്ല കൂമാന്റെ ഭാവിക്കും ഇത് നല്ലതാവില്ല. പുതിയ പ്രസിഡന്റും ബോർഡുമൊക്കെ വന്നാൽ, മോശം പ്രകടനം തുടരുകയാണെങ്കിൽ കൂമാന്റെ തൊപ്പി തെറിച്ചേക്കും.
After its opening six matches, Barcelona have its fewest points (8) in La Liga since 2002-03.
— ESPN FC (@ESPNFC) October 31, 2020
They finished in 6th place that season. pic.twitter.com/QLxOHYRcZ1