നെയ്മർ ബാഴ്സ വിട്ട് പിഎസ്ജിയിലെത്തിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് കണക്കുകൾ !

2017-ലെ ഭീമൻ തുകക്ക് സൂപ്പർ താരം നെയ്മർ ബാഴ്സ വിട്ട് പിഎസ്ജിയിലെത്തിയപ്പോൾ പ്രധാനമായും ഉയർന്ന വിമർശനമായിരുന്നു നെയ്മർ പണം കണ്ടാണ് ബാഴ്സ വിട്ടതെന്ന്. 222 മില്യൺ യുറോക്കായിരുന്നു നെയ്മർ പിഎസ്ജിയിൽ എത്തിയത്. നെയ്മറുടെ അവതരണവേളയിൽ പിഎസ്ജിയുടെ പ്രസിഡന്റ്‌ നാസർ അൽ ഖലീഫി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മഹത്തായ താരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ ആഗ്രഹം എന്നുള്ളത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ഇതായിരുന്നു അന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞത്. മൂന്ന് വർഷങ്ങൾക്കിപ്പുറം പിഎസ്ജി ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിനിൽക്കുന്നു. ബയേണിനെ കൂടി കീഴടക്കാൻ കഴിഞ്ഞാൽ നെയ്മറെ കൊണ്ടുവന്നതിലുള്ള ലക്ഷ്യം പൂർണ്ണമാവും. പക്ഷെ ബയേൺ ചില്ലറക്കാരല്ല എന്നത് ഇതിനോട് ചേർത്തുവായിക്കാം.

അതേസമയം നെയ്മർ ബാഴ്‌സ വിട്ട ശേഷം ക്ലബിന് ചാമ്പ്യൻസ് ലീഗിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്. അതായത് നെയ്മർ ബാഴ്സ വിടാൻ തീരുമാനിച്ചത് ശരിയായ തീരുമാനമെന്നാണ് ഗോൾ ഡോട്ട് കോമിന്റെ അഭിപ്രായം. ഈ ചാമ്പ്യൻസ് ലീഗിൽ 8-2 ന്റെ തോൽവിയാണ് ബാഴ്സ ബയേണിനോട് ഏറ്റുവാങ്ങിയത്. നെയ്മറുടെ ഉറ്റസുഹൃത്തുക്കളായ സുവാരസും മെസ്സിയും ബാഴ്‌സ വിടുമെന്നുള്ള വാർത്തകളും പരക്കുന്നു. നെയ്മറുടെ സാന്നിധ്യം തങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നു എന്നാണ് പിഎസ്ജി താരം വെറാറ്റി പറഞ്ഞത്. ” അദ്ദേഹം പിഎസ്ജിയെ ഉന്നതങ്ങളിലേക്കാണ് എത്തിക്കുന്നത്. അദ്ദേഹത്തിന്റെ മാനസികമായ കരുത്ത് ഞങ്ങൾക്കൊരു ബോണസാണ്. കഠിനാദ്ധ്യാനം ചെയ്യുന്ന ഒരുത്തമ നായകനാണ് നെയ്മർ. എല്ലാവർക്കും ഒരു ഉദാഹരണവുമാണ് താരം ” വെറാറ്റി ഗസറ്റ ഡെല്ലോ സ്പോട്ടിനോട് പറഞ്ഞു. പക്ഷെ നെയ്മറുടെ ദൗത്യം പൂർണ്ണമാവണമെങ്കിൽ ബയേണിനെ കൂടെ കീഴടക്കണം. അതിന് സാധിക്കണേ എന്നുള്ള പ്രാർത്ഥനയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *