ദീർഘയാത്രക്ക്‌ ശേഷം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത് അരമണിക്കൂറോളം, രോഷാകുലനായി മെസ്സി !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്ക്‌ വേണ്ടി കളിച്ച ശേഷം ഇന്നലെയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണയിൽ തിരിച്ചെത്തിയത്. തന്റെ സ്വകാര്യവിമാനത്തിലായിരുന്നു മെസ്സി ബാഴ്സലോണയിലെ എൽ പ്രാട്ട് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പതിനഞ്ച് മണിക്കൂറോളം നീണ്ട യാത്രക്ക്‌ ശേഷമായിരുന്നു മെസ്സി ബാഴ്സയിലെത്തിയത്. എന്നാൽ ബാഴ്‌സയിലെത്തിയ ശേഷം മെസ്സിക്ക് നേരിടേണ്ടി വന്നത് ടാക്സ് ഏജൻസിയുടെ പരിശോധനയായിരുന്നു. വിമാനത്താളവത്തിൽ അഞ്ച് പേരടങ്ങുന്ന സ്പാനിഷ് ടാക്സ് ഏജൻസി താരത്തെയും സംഘത്തേയും പരിശോധനക്ക്‌ വിധേയമാക്കുകയായിരുന്നു. കസ്റ്റംസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരുന്നു മെസ്സിയെ തടഞ്ഞു വെച്ചത്. ഏകദേശം അരമണിക്കൂറിനു ശേഷമാണ് ഈ പ്രക്രിയകൾ പൂർത്തിയാക്കി മെസ്സിയെ പുറത്ത് കടക്കാൻ അനുവദിച്ചത്.

ഇതിനെതിരെ രോഷാകുലനായിക്കൊണ്ട് പ്രതികരിച്ചിരിക്കുകയാണ് മെസ്സി. ” പതിനഞ്ച് മണിക്കൂറിലധികം വരുന്ന യാത്രക്ക്‌ ശേഷം എനിക്കിവിടെ നേരിടേണ്ടി വന്നത് ടാക്സ് ഏജൻസിയെയാണ്. ഇത് ഭ്രാന്താണ് ” എന്നാണ് മെസ്സി ഇതിനെ കുറിച്ച് പറഞ്ഞത്. തുടർന്ന് മെസ്സി ഭാര്യക്കൊപ്പം വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അതേസമയം ബാഴ്‌സയിലുള്ള തന്റെ നിരാശ പ്രകടിപ്പിക്കാനും മെസ്സി മറന്നില്ല. ഗ്രീസ്‌മാന്റെ മുൻ ഏജന്റ് മെസ്സിയെ രൂക്ഷമായി വിമർശിച്ചിരുന്നു. മെസ്സി ഏകാധിപതിയാണ് എന്നാണ് അദ്ദേഹം വിമർശിച്ചിരുന്നത്. ഇതിനോടാണ് മെസ്സി പ്രതികരണമറിയിച്ചത്. കുറ്റപ്പെടുത്തലുകൾ കേട്ട് തനിക്ക് മടുത്തു എന്നാണ് മെസ്സി ഇതിനെ കുറിച്ച് അറിയിച്ചത്. ഈ സംഭവവികാസങ്ങളെല്ലാം തന്നെ മെസ്സി ബാഴ്‌സയിൽ നിരാശനാണ് എന്നുള്ളതിന്റെ തെളിവുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *