താരങ്ങളുമായി യോജിപ്പിലെത്താൻ കഴിഞ്ഞില്ല, ബാഴ്‌സ നീങ്ങികൊണ്ടിരിക്കുന്നത് ഗുരുതരപ്രതിസന്ധിയിലേക്ക് !

താരങ്ങളുടെ സാലറി കട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ താരങ്ങളുമായി യോജിപ്പിലെത്താൻ കഴിയാതെ എഫ്സി ബാഴ്സലോണ. അവസാനമായി താരങ്ങളുമായി നടത്തിയ ചർച്ചയും ഫലം കാണാനാവാതെ പോയതായി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് സ്പാനിഷ് മാധ്യമായ കാറ്റലൂണിയ റേഡിയോയാണ്. താരങ്ങളുടെ വേതനം കുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിൽ എത്താനുള്ള ഡെഡ്ലൈൻ നീട്ടിയിരുന്നു. എന്നാൽ അതിന് ശേഷം നടത്തിയ ചർച്ചയിലും താരങ്ങൾ സാലറി കട്ട്‌ ചെയ്യാൻ സമ്മതിച്ചിട്ടില്ല.ഇതോടെ ബാഴ്സയുടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാവുകയാണ്. ബാഴ്സയുടെ താൽകാലിക പ്രസിഡന്റ്‌ ടുസ്ക്കെറ്റ്സായിരുന്നു താരങ്ങളുമായി ചർച്ച നടത്തിയിരുന്നത്. മുപ്പത് ശതമാനം സാലറി കുറക്കാൻ അനുവദിക്കണം എന്നാണ് ബാഴ്‌സ ബോർഡിന്റെ ആവിശ്യം.പ്രധാനമായും രണ്ട് കാര്യങ്ങളാണ് താരങ്ങളെ ഇതിന് സമ്മതിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

ഒന്നാമതായി എല്ലാ താരങ്ങളോടും ഒരേ പോലെയാണ് കുറക്കാൻ ആവിശ്യപ്പെടുന്നത്. അതായത് കൂടുതൽ സാലറി വാങ്ങുന്ന താരവും ഏറ്റവും കുറവ് സാലറി വാങ്ങുന്ന താരവും മുപ്പത് ശതമാനം കുറക്കണം എന്നാണ് ബാഴ്‌സ പറയുന്നത്. ഇത് മാറ്റി ഓരോ ടയറിന് അനുസരിച്ചുള്ള അനുപാതത്തിൽ ആക്കണം എന്നാണ് താരങ്ങളുടെ ആവിശ്യം.രണ്ടാമതായി ബാഴ്സ ബിയിലെ താരങ്ങൾക്ക്‌ പോലും ബാധകമായ ഈ സാലറി ബാഴ്സയുടെ ബാസ്കറ്റ് ബോൾ താരങ്ങൾക്ക്‌ മാത്രം ബാധകമല്ല. ഇതും താരങ്ങൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്. ഈ രണ്ട് കാരണങ്ങളാലാണ് താരങ്ങൾ വിലങ്ങുതടിയായി നിലകൊള്ളുന്നത് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്. ഈ ജനുവരിയിൽ പാപ്പരാവുന്നതിന്റെ വക്കിലാണ് നിലവിൽ ബാഴ്‌സയുള്ളത്. അതിന് മുമ്പ് ഇതിന് പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കിൽ ബാഴ്സ വൻ പ്രതിസന്ധി തന്നെ നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *