താനും ഹസാർഡും അന്നേ റയലിലെത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കോർട്ടുവ

2018-ലെ ട്രാൻസ്ഫറിലായിരുന്നു ചെൽസിയിൽ നിന്ന് തിബൗട്ട് കോർട്ടുവ റയൽ മാഡ്രിഡിലെത്തിയത്. ഒരു വർഷത്തിന് ശേഷം അവരുടെ തന്നെ സൂപ്പർ താരം ഈഡൻ ഹസാർഡും വമ്പൻ തുകക്ക് റയലിലെത്തി. രണ്ട് വർഷത്തിനിടെ ചെൽസിയുടെ രണ്ട് പ്രധാനതാരങ്ങളെയാണ് ചെൽസി റാഞ്ചിയത്. എന്നാൽ ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോൾകീപ്പർ തിബൗട്ട് കോർട്ടുവ. ചെൽസിയിൽ ഒരുമിച്ചു കളിക്കുന്ന കാലത്തെ തങ്ങൾ ഇരുവരും റയൽ മാഡ്രിഡ്‌ സ്വപ്നം കണ്ടിരുന്നുവെന്നും റയലിൽ കളിക്കാൻ പദ്ധതി ഇട്ടിരുന്നുമെന്നുമാണ് കോർട്ടുവയുടെ വെളിപ്പെടുത്തൽ. റയലിനെ പറ്റി തങ്ങൾ ചെൽസിയിൽ കളിക്കുന്ന കാലത്തേ സംസാരിച്ചു തുടങ്ങിയിരുന്നുവെന്നും കോർട്ടുവ പറഞ്ഞു.

” അന്ന് ചെൽസിയിൽ ആയിരുന്ന സമയത്ത്, ഇവിടെ റയൽ മാഡ്രിഡിൽ കളിക്കുന്നതിന്റെ സാധ്യതകളെ പറ്റി ഞങ്ങൾ ഇരുവരും ഡ്രസിങ് റൂമിൽ വെച്ച് സംസാരിച്ചിരുന്നു. ദി വൈറ്റ് ഹൗസ് എന്നാണ് ഞങ്ങൾ റയലിനെ അന്ന് വിശേഷിപ്പിച്ചത്. അന്ന് വെറും ഊഹങ്ങൾ മാത്രമായിരുന്നു. ഞങ്ങൾ രണ്ട്പേരും റയലിൽ കളിക്കുന്നത് സ്വപ്നം കണ്ടിരുന്നു. ഇപ്പോഴത് യാഥാർഥ്യമായി. ഇനി റയലിനോടൊപ്പം കിരീടങ്ങൾ നേടാനുള്ള വ്യഗ്രതയിലാണ് ഞങ്ങൾ ” എൽ മുണ്ടോക്ക് നൽകിയ അഭിമുഖത്തിൽ കോർട്ടുവ പറഞ്ഞു.

അത്ലറ്റികോ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എക്സ്ട്രാടൈമിൽ ഹെഡർ ഗോൾ നേടി ടീമിനെ രക്ഷിച്ച സെർജിയോ റാമോസിന്റെ ഗോളിനെ പറ്റിയും അഭിമുഖത്തിൽ ചർച്ച ചെയ്തു. അതിന്റെ ആറാം വാർഷികമായിരുന്നു ഇന്നലെ. അന്ന് കോർട്ടുവയായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ ഗോൾകീപ്പർ. ” എന്റെ കയ്യിന്റെ തൊട്ടടുത്ത് കൂടെ തന്നെയാണ് ആ ബോൾ കടന്ന് പോയത്. അതിന് ശേഷം റയൽ മാഡ്രിഡ്‌ ടിവിയിൽ ഇടയ്ക്കിടെ ഞാനത് കാണും. അന്ന് എന്നെ സംബന്ധിച്ചെടുത്തോളം അത് ദുഃഖമുണ്ടാക്കിയ കാര്യമായിരുന്നു. പക്ഷെ ഞാനത് എന്നോ മറന്നുകളഞ്ഞു ” ആ സംഭവത്തെ കുറിച്ച് കോർട്ടുവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *