ഡിഫൻഡർക്ക് പരിക്ക്, സീസൺ നഷ്ടമായേക്കും? ബാഴ്സക്ക് കനത്ത തിരിച്ചടി

ലാലിഗയിൽ ഇനി നിർണായകമത്സരങ്ങൾ കാത്തിരിക്കെ വമ്പൻമാരായ ബാഴ്സക്ക് കനത്ത തിരിച്ചടി. പ്രതിരോധനിരയിലെ നിർണായക താരമായ സാമുവൽ ഉംറ്റിറ്റിക്ക് വീണ്ടും പരിക്കേറ്റതായി സ്ഥിരീകരിച്ചു. ബാഴ്സലോണ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിയ്യാറയലിനെതിരായ മത്സരത്തിൽ താരത്തിന്റെ സേവനം ലഭ്യമാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം ഈ സീസൺ മുഴുവനും താരത്തിന് ചിലപ്പോൾ നഷ്ടമായേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. താരത്തിന്റെ ഇടതു കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. താരത്തിന് സർജറി ആവിശ്യമാണെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്. 2018 വേൾഡ് കപ്പിന് ശേഷം താരം ഇതുവരെ പൂർണ്ണഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ സീസണിലും ഈ സീസണിലും ഒട്ടേറെ മത്സരങ്ങൾ താരത്തിന് പരിക്ക് മൂലം നഷ്ടമായിരുന്നു.

” ക്ലബിന്റെ ഫസ്റ്റ് ടീം താരം സാമുവൽ ഉംറ്റിറ്റിക്ക് അദ്ദേഹത്തിന്റെ ഇടതുകാൽമുട്ടിന് പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആവിശ്യമായ ശസ്ത്രക്രിയകൾ നടത്തേണ്ടി വരും ” എന്നാണ് ഔദ്യോഗികകുറിപ്പിൽ ബാഴ്സ അറിയിച്ചത്. താരം എന്ന് തിരിച്ചു വരുമെന്നുള്ളത് ശസ്ത്രക്രിയകൾക്ക് ശേഷമേ വ്യക്തമാവുകയൊള്ളൂ. ഈ സീസണിൽ കേവലം പതിനെട്ട് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. 13 ലാലിഗ, മൂന്നു ചാമ്പ്യൻസ് ലീഗ്, ഒരു കോപ്പ ഡെൽ റേ, ഒരു സ്പാനിഷ് സൂപ്പർ കപ്പ്‌ എന്നിങ്ങനെയാണത്. അവസാനമായി സെൽറ്റ വിഗോക്കെതിരെയാണ് താരം തൊണ്ണൂറ് മിനുട്ട് കളിച്ചത്. അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ താരത്തിന് ഇടംലഭിച്ചിരുന്നില്ല. അതേ സമയം താരത്തെ ക്ലബ് വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഒക്കെ പരന്നിരുന്നു. നിലവിൽ 2023 വരെ താരത്തിന് കരാർ ഉണ്ടെങ്കിലും ബാഴ്സ ആവിശ്യം വന്നാൽ താരത്തെ വിൽക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *