ജോവിച്ച് സ്വന്തം കരിയർ നശിപ്പിക്കുന്നു, മുന്നറിയിപ്പുമായി മുൻ സെർബിയൻ സൂപ്പർ താരം
റയൽ മാഡ്രിഡിന്റെ സെർബിയൻ താരം ലുക്കാ ജോവിച്ചിനെതിരെ ആഞ്ഞടിച്ച് മുൻ സെർബിയൻ താരം ഡ്രാഗോസ്ലാവ് സ്റ്റെപാനോവിച്ച്. താരം സ്വന്തം കരിയർ നശിപ്പിക്കുന്ന പ്രവർത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എത്രയും പെട്ടന്ന് ജോവിച്ച് ഈയൊരവസ്ഥയിൽ നിന്ന് മാറ്റം വരുത്തിയില്ലെങ്കിൽ താരം എവിടെയുമെത്താതെ പോവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Stepanovic: "Jovic is the only man who does 100% of what could ruin his career" https://t.co/cdoEv0EHmn pic.twitter.com/0DFIyVJZtt
— ASAP Land (@asaplandnews) March 28, 2020
” നൂറു ശതമാനവും ജോവിച്ച് തന്നെയാണ് അദ്ദേഹത്തിന്റെ കരിയർ നശിപ്പിക്കുന്നത്. അവൻ അവനെതിരെ തന്നെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സെർബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറായിരുന്നു ജോവിച്ചിന്റെത്. റയൽ മാഡ്രിഡ് പോലൊരു ക്ലബ്ബിനെ ലഭിച്ചത് ജോവിച്ചിന്റെ ഭാഗ്യമാണ്. എന്നാലിപ്പോൾ എന്താണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ജോവിച്ച് അവനെ കുറിച്ച് ഒരിക്കലും ചിന്തിക്കാത്തതെന്താണെന്നെനിക്ക് മനസ്സിലാവുന്നില്ല. അവനെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് ഇപ്പോൾ നല്ലത് ” സ്റ്റെപാനോവിച്ച് പറഞ്ഞു.
കഴിഞ്ഞ ദിവസം ജോവിച്ച് തന്റെ സെൽഫ് ഐസോലേഷൻ തെറ്റിച്ച് സെർബിയയിലേക്ക് മടങ്ങിയിരുന്നു. ഇതിനെ കൂടി ലക്ഷ്യം വെച്ചാണ് ഇദ്ദേഹം രൂക്ഷമായ രീതിയിൽ പ്രതികരിച്ചത്. മാത്രമല്ല റയലിൽ എത്തിയ ശേഷം ഫോമിലേക്കുയരാൻ താരത്തിനായിരുന്നില്ല. ഫ്രാങ്ക്ഫർട്ടിൽ ഗോളടിച്ചു കൂട്ടിയ താരത്തിന് ആ മികവ് റയലിൽ ആവർത്തിക്കാനായില്ല. ഇരുപത്തിനാല് മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് ഗോളുകൾ മാത്രമാണ് ജോവിച്ചിന് ടീമിനായി സംഭാവന ചെയ്യാൻ സാധിച്ചത്. ഈയൊരു അവസരത്തിലാണ് താരത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി മുൻ സെർബിയൻ രംഗത്ത് വന്നത്.