ചാവി പുറത്തായത് ടെർ സ്റ്റീഗൻ കാരണമോ? പ്രതികരണവുമായി താരം!
എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവിയെ കഴിഞ്ഞ ദിവസം ക്ലബ്ബ് പുറത്താക്കിയിരുന്നു. ക്ലബ്ബ് വിടാൻ തീരുമാനിച്ച ചാവിയെ നിലനിർത്താൻ തീരുമാനിച്ചത് ബാഴ്സ തന്നെയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ബാഴ്സ തീരുമാനം മാറ്റുകയും ചാവിയെ പുറത്താക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്. എന്നാൽ മികച്ച ഒരു പരിശീലകനെ തന്നെയാണ് ബാഴ്സലോണ കൊണ്ടുവരുന്നത്. ജർമ്മൻ പരിശീലകനായ ഹാൻസി ഫ്ലിക്കാണ് ബാഴ്സലോണയുടെ പുതിയ പരിശീലകനായി കൊണ്ട് ചുമതലയേൽക്കുക.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ബാഴ്സ റിസർവാറ്റ് എന്ന മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. അതായത് ചാവിയുടെ പരിശീലക സ്ഥാനം തെറിക്കാൻ കാരണക്കാരൻ ഗോൾകീപ്പർ ടെർസ്റ്റീഗനാണ് എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. ചാവി താരങ്ങളെ കുറ്റപ്പെടുത്തുന്നതിൽ താരങ്ങൾക്ക് അതൃപ്തിയുണ്ടെന്നും ചാവിയെ ഒഴിവാക്കണമെന്നും ടെർസ്റ്റീഗൻ പ്രസിഡന്റ് ലാപോർട്ടയോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് നിഷേധിച്ചു കൊണ്ട് ടെർസ്റ്റീഗൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. അത് തീർത്തും വ്യാജമാണ് എന്നാണ് ടെർസ്റ്റീഗൻ പറഞ്ഞിട്ടുള്ളത്.എക്സിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
“ബാഴ്സ റിസർവാറ്റ് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് എന്റെ വ്യക്തിഗത മൂല്യങ്ങളെ കടന്നാക്രമിക്കുന്ന ഒന്നാണ്.എന്റെ പേര് മോശം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതും വ്യാജ വാർത്തകൾ പടച്ചുവിടുന്നതിനും ഉപയോഗപ്പെടുത്താൻ ഞാൻ ഒരിക്കലും അനുവദിക്കുകയില്ല. അത് ഞാൻ പൊറുക്കുകയുമില്ല.എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും റിപ്പോർട്ട് ചെയ്യണം എന്നുണ്ടെങ്കിൽ ഞാൻ ആ വ്യക്തിയുടെ മുഖത്ത് നോക്കി പറയുകയാണ് ചെയ്യാറുള്ളത് “ഇതാണ് ടെർസ്റ്റീഗൻ എഴുതിയിട്ടുള്ളത്.
അതായത് ചാവിയെക്കുറിച്ച് താൻ ബാഴ്സ പ്രസിഡന്റിനോട് പറഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.ചാവി പുറത്താവാനുള്ള കാരണം വളരെ വ്യക്തമാണ്. ബാഴ്സ സാമ്പത്തിക സ്ഥിതിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരിക്കൽ കൂടി സംസാരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ദേഷ്യം പിടിച്ച ലാപോർട്ട ചാവിയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.