ക്യാമ്പ് നൗവിലേക്ക് ഇരച്ചുകയറി ആരാധകർ, പ്രതിഷേധം അതിരൂക്ഷം !

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമെന്നുള്ള വാർത്തകൾ ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകരെയും മെസ്സി ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്നു. ബാഴ്‌സ മാനേജ്മെന്റിനെ ദുർഭരണവും പിടിപ്പുകേടുമാണ് മെസ്സി ബാഴ്സ വിടാൻ ആലോചിക്കാനുള്ള കാരണമെന്നത് പരസ്യമായ കാര്യമാണ്. അതിനാൽ തന്നെ മുഴുവൻ ആരാധകരുടെയും പ്രതിഷേധം ബാഴ്‌സ മാനേജ്മെന്റിനോട് തന്നെയാണ്. അത്‌ തന്നെയാണ് ഇന്നലെയും ബാഴ്സലോണ നഗരത്തിൽ സംഭവിച്ചത്. ഒരു കൂട്ടം ആരാധകർ ഇന്നലെയും വലിയ തോതിൽ ബാഴ്സലോണയിൽ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമെന്നോണം ആരാധകകൂട്ടം ക്യാമ്പ് നൗവിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

ക്യാമ്പ് നൗവിന്റെ പ്രവേശനകവാടത്തിൽ ഒരുമിച്ച് കൂടിയ ആരാധകകൂട്ടം ഗേറ്റ് മറികടന്ന് മുന്നേറുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രാദേശിക സുരക്ഷാഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് പ്രതിഷേധക്കാർ ഗേറ്റ് മറികടന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. എല്ലാ ആരാധകരുടെയും ഒരേയൊരു ആവിശ്യം എന്നത് ക്ലബ് പ്രസിഡന്റ്‌ ബർതോമ്യുവിന്റെ രാജിയാണ്. ഈ രാജിആവിശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളാണ് ബാഴ്സ നഗരത്തിൽ ഇന്നലെ ഏറെ മുഴങ്ങികേട്ടത്. ഏതായാലും ബാഴ്സ ആരാധകർക്ക് വലിയ രൂപത്തിലുള്ള ദേഷ്യമാണ് മാനേജ്മെന്റിനോടുള്ളതെന്ന് വ്യക്തമാണ്. മെസ്സിയെ കൈവിടുന്നത് ആരാധകർക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. ഏതായാലും വരുംദിവസങ്ങളിൽ ബാഴ്സലോണ ആരാധകരുടെ പ്രതിഷേധം വലിയ രൂപത്തിലേക്ക് മാറുമെന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *