കൂമാൻ ബാഴ്സലോണയിലെത്തി, ഒഫീഷ്യൽ അനൗൺസ്മെൻ്റ് ഇന്നുണ്ടായേക്കും

FC ബാഴ്സലോണയുടെ പുതിയ പരിശീലകനാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന റൊണാൾഡ് കൂമാൻ ബാഴ്സലോണ നഗരത്തിലെത്തി. അൽപം മുമ്പ് എൽ പ്രാറ്റ് എയർപോർട്ടിൽ വിമാനമിറങ്ങിയ കൂമാനെ FC ബാഴ്സലോണയുടെ ജോലിക്കാർ വാഹനത്തിൽ സ്വീകരിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സ്പാനിഷ് മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. വരുന്ന ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂമാനെ ബാഴ്സ കോച്ചായി നിയമിച്ചു എന്ന ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

FC ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്നും ക്വീക്കെ സെറ്റിയെനെ പുറത്താക്കിയ വിവരം ഇന്നലെ ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചിരുന്നു. അപ്പോൾ തന്നെ കൂമാനായിരിക്കും അടുത്ത പരിശീലകൻ എന്ന സൂചനയും പുറത്ത് വന്നിരുന്നു. നിലവിൽ നെതർലൻ്റ്സ് ദേശീയ ടീമിൻ്റെ പരിശീലകനായ അദ്ദേഹം 1989 മുതൽ 1995 വരെ ബാഴ്‌സലോണക്കായി കളിച്ചിട്ടുണ്ട്. കൂടാതെ 1998 മുതൽ 2000 വരെ ബാഴ്സയുടെ അസിസ്റ്റൻ്റ് കോച്ചായിരുന്നു. നേരത്തെ ഡച്ച് ക്ലബ്ബുകളായ അയാക്സ്, Az, PSV ഐന്തോവൻ, ഫയർനൂദ്, ഇംഗ്ലീഷ് ക്ലബ്ബുകളായ സതാംപ്ടൻ, എവർട്ടൺ, പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്ക, സ്പാനിഷ് ക്ലബ്ബ് വലൻസിയ തുടങ്ങിയ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *