കൂമാനേയും വകവെക്കാതെ ഡെംബലെ, വീണ്ടും സമയം തെറ്റിച്ചു !

ഉസ്മാൻ ഡെംബലെയുടെ അച്ചടക്കമില്ലായ്മ നിരവധി തവണ വാർത്തകളിൽ ഇടം നേടിയിട്ടുള്ള ഒന്നാണ്. താരത്തിന്റെ കൃത്യനിഷ്ടതയില്ലായ്മയാണ് പലപ്പോഴും ബാഴ്സലോണക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ അക്കാര്യങ്ങൾക്ക് പുതിയ സീസണിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. ഒരിക്കൽ കൂടി ഡെംബലെ തന്റെ അച്ചടക്കമില്ലായ്മ തുറന്നു കാണിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിന് പതിനഞ്ചു മിനുട്ട് വൈകിയാണ് താരം എത്തിച്ചേർന്നത്. പ്രത്യേകിച്ച് പുതിയ പരിശീലകനായ കൂമാനെയും ഡെംബലെ വകവെക്കുന്നില്ല എന്നർത്ഥം.

പൊതുവെ കർക്കശസ്വഭാവമുള്ള വ്യക്തിയാണ് കൂമാൻ. അതിനാൽ തന്നെ ക്ലബ് നിശ്ചയിച്ചിരിക്കുന്ന സമയത്തിന്റെ ഒരു മണിക്കൂർ മുമ്പെങ്കിലും ക്ലബ്ബിന്റെ പരിശീലനകേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് വളരെ കർശനമായി പറഞ്ഞിട്ടുള്ളതാണ്.ഇതാണിപ്പോൾ ഡെംബലെ ലംഘിച്ചിരിക്കുന്നത്. താരം പതിനഞ്ചു മിനുട്ട് വൈകി വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സ്പാനിഷ് മാധ്യമമായ ഡിപ്പോർട്ടസ് ക്യുയാട്രോ പുറത്തു വിട്ടിട്ടുണ്ട്. ഏതായാലും കൂമാൻ എങ്ങനെ ഇതിനോട് പ്രതികരിക്കും എന്ന് കണ്ടറിയണം. 2017-ൽ ബൊറൂസിയയിൽ നിന്നെത്തിയ താരം പരിക്കുകൾ കൊണ്ട് ഏറെ വലഞ്ഞിരുന്നു. മാത്രമല്ല താരത്തിന്റെ പല കാര്യങ്ങളും പലപ്പോഴായി ബാഴ്സക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ബാഴ്‌സക്ക് വേണ്ടി 74 മത്സരങ്ങൾ കളിച്ച താരം 19 ഗോളുകളും 17 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അതേസമയം നവംബറിന് ശേഷം താരം ബാഴ്സക്ക് വേണ്ടി ഒരൊറ്റ ഔദ്യോഗികമത്സരം പോലും കളിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *