എഴുന്നൂറ് ഗോളുകൾ, മെസ്സി നടന്നുകയറിയത് ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്ക്
ഇന്നലെ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ മെസ്സി എഴുന്നൂറ് കരിയർ ഗോളുകൾ തികച്ചിരുന്നു. എഴുന്നൂറ് ഗോളുകൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ഏഴാമത്തെ താരമാണ് മെസ്സി. മെസ്സി നടന്നു കയറിയത് ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്കാണ്. ജോസെഫ് ബൈക്കൻ, പെലെ, റൊമാരിയോ, റൊണാൾഡോ, പുഷ്കാസ്, ജെർഡ് മുള്ളർ, എന്നീ ഇതിഹാസങ്ങളോടൊപ്പമാണ് ഇനി മെസ്സിയുടെ സ്ഥാനം. ബാഴ്സക്ക് വേണ്ടി 630 ഗോളുകളും അർജന്റീനക്ക് വേണ്ടി 70 ഗോളുകളും നേടികൊണ്ടാണ് മെസ്സി എഴുന്നൂറ് തികച്ചത്. 862 മത്സരങ്ങളിൽ നിന്നാണ് മെസ്സി 700 തികച്ചത്. അതേസമയം ക്രിസ്റ്റ്യാനോയെക്കാൾ 111 മത്സരങ്ങൾ കുറച്ചാണ് 700 തികയ്ക്കാൻ മെസ്സി എടുത്തത്.
നിലവിൽ എഴുന്നൂറ് ഗോൾ ക്ലബിൽ ഏഴാം സ്ഥാനത്താണ് മെസ്സി. ആറാം സ്ഥാനത്ത് ഉള്ളത് ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളറാണ്. അദ്ദേഹത്തിന്റെ പേരിൽ 735 ഗോളുകളാണ് ഉള്ളത്. 793 മത്സരങ്ങളിൽ നിന്നാണ് താരം ഈ ഗോളുകൾ നേടിയത്.അഞ്ചാമത് നിൽക്കുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. താരത്തിന്റെ പേരിൽ 744 ഗോളുകൾ ആണ് ഉള്ളത്. 1041 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. നാലാമത് നിൽക്കുന്നത് ഫ്രങ്ക് പുഷ്കാസാണ്. 746 ഗോളുകളിലധികം എന്നാണ് കണക്കുകൾ പറയുന്നത്. ആ കാലഘട്ടമായതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. 754-ൽ അധികം മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. മൂന്നാമത് ഉള്ളത് പെലെയാണ്. താരത്തിന്റെ പേരിൽ 767 ഗോളുകൾ ആണ് ഔദ്യോഗികകണക്കുകളിൽ ഉള്ളത്. 831 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ ഗോളുകൾ നേടിയിട്ടുള്ളത്. അനൗദ്യോഗികകണക്കുകളിൽ പെലെ ആയിരത്തിലധികം ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഉള്ളത് ബ്രസീൽ താരം റൊമാരിയോ ആണ്. 994 മത്സരങ്ങളിൽ നിന്നായി 772 ഗോളുകൾ താരം അടിച്ചു കൂട്ടിയിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ഉള്ളത് ജോസഫ് ബീക്കനാണ്. 805 ഗോളുകളിലധികം താരം നേടിയിട്ടുണ്ട്. 530 മത്സരങ്ങളോളമാണ് താരം കളിച്ചിട്ടുള്ളത്. പഴയ കണക്കുകളിൽ അല്പം വിത്യാസങ്ങൾ ഉണ്ടെങ്കിലും എഴുന്നൂറ് ഗോൾ ക്ലബിൽ ഇവരാണ് നിലവിലുള്ളത്.