എല്ലാ ദിവസവും കളി നടത്തും,ലാലിഗ തുടങ്ങാനുള്ള പ്ലാനായി
കോവിഡ് പ്രതിസന്ധി മൂലം മുടങ്ങികിടക്കുന്ന ലാലിഗ എങ്ങനെ പുനരാരംഭിക്കണമെന്നതിൽ വിശദമായി പ്ലാൻ തയ്യാറാക്കി ലാലിഗ. ലാലിഗയുടെയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെയും പ്രതിനിധികൾ ലാലിഗയുടെ പുതിയ സമയക്രമങ്ങൾ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും കളി നടത്തുക തുടങ്ങിയ നിർണായകതീരുമാനങ്ങളാണ് പുതിയ സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ജൂൺ പകുതിയോടെ ലാലിഗ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂലൈ ഇരുപത്തിയൊൻപതിന് മുൻപ് ക്യാമ്പയിൻ പൂർത്തിയാക്കും. ആഴ്‌ച്ചയിലെ എല്ലാ ദിവസങ്ങളിലും മത്സരങ്ങൾ നടത്താനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. മാത്രമല്ല ഓരോ ടീമുകളും 72 മണിക്കൂറിനുള്ളിൽ ഓരോ മത്സരം കളിക്കേണ്ടി വരും. അതായത് മൂന്ന് ദിവസത്തിന് ശേഷം ഒരു മത്സരം എന്ന തോതിൽ, ഓരോ ടീമുകൾക്കും ആഴ്ച്ചയിൽ രണ്ട് മാച്ച്ഡേയ്‌സ് വീതം ഉണ്ടാവും. ലാലിഗയിൽ നിലവിൽ 58 പോയിന്റോടെ ബാഴ്സ ഒന്നാമതും 56 പോയിന്റോടെ റയൽ രണ്ടാമതുമാണ്.