എംബാപ്പെയുടെ ആരാധ്യതാരം ക്രിസ്റ്റ്യാനോ, അദ്ദേഹം റയലിലെത്തുമെന്ന് മുൻ സഹതാരം!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ ക്ലബ്ബിൽ തന്നെ തുടരുമോ എന്നുള്ളത് ഇതുവരെ വ്യക്തമാവാത്ത കാര്യമാണ്. താരത്തിന്റെ കരാർ 2022-ലാണ് അവസാനിക്കുന്നതെങ്കിലും ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ് വിടാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതായാലും ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് എംബാപ്പെയുടെ മുൻ സഹതാരവും പിഎസ്ജി താരവുമായിരുന്ന ജെസേ റോഡ്രിഗസ്. എംബാപ്പെയുടെ ആരാധ്യതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും അദ്ദേഹം ഒരു ദിവസം റയൽ മാഡ്രിഡിൽ എത്തുമെന്ന കാര്യം ഉറപ്പാണ് എന്നുമാണ് ഇദ്ദേഹം അറിയിച്ചത്.നിലവിൽ സ്പാനിഷ് ക്ലബ് ലാസ്പാൽമസിലാണ് ജെസെയുള്ളത്. റയൽ മാഡ്രിഡിലൂടെ വളർന്ന താരമാണ് ജെസെ റോഡ്രിഗസ്.

“എംബാപ്പെ റയൽ മാഡ്രിഡിലേക്ക് പോവാൻ ഇഷ്ടപ്പെടുന്ന താരമാണ്.അദ്ദേഹത്തിന്റെ ആരാധ്യതാരം എപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.അദ്ദേഹം മാഡ്രിഡിനെ ഇഷ്ടപ്പെടുന്നു.ഒരു ദിവസം അദ്ദേഹം റയൽ മാഡ്രിഡിൽ കളിക്കുമെന്ന് എനിക്കുറപ്പാണ് ” എൽ പാർട്ടിഡാസോ ഡി കോപേയോട് ജെസേ പറഞ്ഞു.

ഇരുപത്തിരണ്ടുകാരനായ എംബാപ്പെ ഈയിടെ തന്റെ കരാർ പുതുക്കുന്നതിനെ പറ്റി സംസാരിച്ചിരുന്നു. താൻ ആ വിഷയത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനം എടുത്താൽ ഉടനടി അറിയിക്കുമെന്നും എംബാപ്പെ അറിയിച്ചിരുന്നു.റയൽ മാഡ്രിഡിനെ കൂടാതെ ലിവർപൂളും താരത്തിന്റെ പിന്നാലെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!