ഇനിയെങ്കിലും നെയ്മറെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമിക്കണമെന്ന് റിവാൾഡോ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ തിരികെയെത്തിക്കുന്നതിൽ ബാഴ്സ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ബാഴ്സ താരം റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നെയ്മർ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചത്. ലാലിഗയും കൈവിട്ട സാഹചര്യത്തിൽ ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി നെയ്മറെ തിരികെ കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മെസ്സിയും നെയ്മറും വീണ്ടും ഒന്നിച്ചാൽ ഒരുപാട് വർഷം ഒരുപാട് കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലൗറ്ററോ മാർട്ടിനെസിനെ ഇന്റർമിലാൻ വിടാൻ ഒരുക്കമല്ലെന്നും അതിലേറെ നല്ലത് നെയ്മറെ തിരികെയെത്തിക്കുന്നതിനുള്ള വഴികൾ നോക്കുകയുമാണെന്നാണ് അദ്ദേഹം അറിയിച്ചത്. ചാമ്പ്യൻസ് ലീഗിന് മുൻപേ സെറ്റിയനെ പുറത്താക്കണമെന്നതും റിവാൾഡോ ആവിശ്യപ്പെട്ടത് ഇതേ അഭിമുഖത്തിൽ തന്നെയായിരുന്നു.

” ലൗറ്ററോ മാർട്ടിനെസിന്റെ റിലീസ് ക്ലോസ് ഈയിടെ കാലാവധി പൂർത്തിയായിരുന്നു. ഇതിനാൽ തന്നെ ഇന്റർമിലാന് ഇഷ്ടമുള്ള പണം ആവിശ്യപ്പെടാം. താരത്തെ വിട്ടുനൽകാൻ അവർ ഒരുക്കമല്ല. ഇക്കാരണത്താൽ തന്നെ ബാഴ്സ നെയ്മറിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈയിടെ വന്ന പുതിയ വാർത്തകൾ പ്രകാരം, ലിയനാർഡോ നെയ്മർ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് തയ്യാറായതായി ഞാൻ കേട്ടിരുന്നു. നെയ്മറും മെസ്സിയും ഒന്നിച്ചാൽ ഒരുപാട് വർഷങ്ങൾ ഒരുപാട് കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിലവിൽ ബാഴ്സക്ക് ഏറ്റവും അനുയോജ്യമായ സൈനിങ്‌ എന്നുള്ളത് നെയ്മറാണ്. എന്തെന്നാൽ മെസ്സിക്ക് ആവിശ്യമുള്ളപ്പോൾ വിശ്രമം നൽകാൻ ബാഴ്സക്ക് കഴിയും. മെസ്സിയുടെ സ്ഥാനം വഹിക്കാൻ പറ്റിയ താരമാണ് നെയ്മർ ” മുൻ ബ്രസീലിയൻ-ബാഴ്സ താരമായ റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *