ആർതർ-പ്യാനിക്ക് സ്വാപ് ഡീൽ, ചർച്ച സ്ഥിരീകരിച്ച് യുവന്റസ്
ബാഴ്സ താരം ആർതറിനെയും യുവന്റസ് താരം പ്യാനിക്കിനെയും ഉൾപ്പെടുത്തി സ്വാപ് ഡീൽ ചർച്ചകൾ നടന്നതായി സ്ഥിരീകരിച്ച് യുവന്റസിന്റെ സ്പോർട്ടിങ് ഡയറക്ടർ ഫാബിയോ പാരറ്റികി. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് ബാഴ്സയുമായി തങ്ങൾ ചർച്ച നടത്തിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ രണ്ട് താരങ്ങളെയും വെച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ബാഴ്സ വിടാൻ താല്പര്യമില്ലെന്ന് ആർതർ തുറന്നുപറഞ്ഞിരുന്നു. എന്നിലിപ്പോഴിതാ ആർതറിനെ കൈമാറാൻ ബാഴ്സ തന്നെ ചർച്ചകൾ നടത്തിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്.
” ആർതർ-പ്യാനിക്ക് സ്വാപ് ഡീലുമായി സംബന്ധിച്ച ചർച്ചകൾ ഞങ്ങൾ ബാഴ്സയുമായി നടത്തിയിരുന്നു. ഒരുപാട് വലിയ ക്ലബുകൾ ചർച്ച നടത്തുന്ന പോലെ, എന്തെന്നാൽ ഇത് സമ്മർ ട്രാൻസ്ഫറിന്റെ സമയമാണ്. ഞങ്ങൾക്ക് കുറച്ചു പദ്ധതികളുണ്ട്, ഈ വരുന്ന ട്രാൻസ്ഫർ മാർക്കെറ്റിൽ സ്വാപ് ഡീലുകളാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. എല്ലാവർക്കും അറിയുന്ന പോലെ ഈ അവസരത്തിൽ എല്ലാ ക്ലബുകളുടെ പക്കലും ക്യാഷ് കുറവായിരിക്കും. അത്കൊണ്ട് തന്നെ സ്വാപ് ഡീലുകളാണ് ഇപ്രാവശ്യം കൂടുതൽ നടക്കുക. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾ വാടകക്കെടുക്കുകയാണ് ചെയ്യുക. അത്പോലെ ഒന്നാണ് ഇതും ” യുവന്റസ് സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞു.