അഭ്യൂഹങ്ങൾക്ക് വിട, മെസ്സിയും സുവാരസും തയ്യാറാണെന്ന് സെറ്റിയൻ

ലാലിഗ പുനരാരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബാഴ്സ ആരാധകർക്ക് ആശ്വാസവാർത്തയുമായി പരിശീലകൻ ക്വീക്കെ സെറ്റിയൻ. മയ്യോർക്കക്കെതിരായ മത്സരത്തിൽ ഇരുവരും ബൂട്ടണിഞ്ഞേക്കുമെന്ന സൂചനകൾ സെറ്റിയൻ നൽകികഴിഞ്ഞു. ഇരുവരും മത്സരത്തിന് തയ്യാറായി കഴിഞ്ഞു എന്നാണ് സെറ്റിയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. വരുന്ന ശനിയാഴ്ച്ച രാത്രി ഒന്നരക്ക് മയ്യോർക്കക്കെതിരെയാണ് ബാഴ്സയുടെ ആദ്യമത്സരം. എന്നാൽ കഴിഞ്ഞ രണ്ട് പരിശീലനവേളകളിൽ മെസ്സി ടീമിനോടൊപ്പം പങ്കെടുക്കാത്തത് ചെറിയ ആശങ്കക്ക് വഴിവെച്ചിരുന്നു. താരത്തിന് ആദ്യമത്സരം നഷ്ടമാവുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഭയപ്പെടാനില്ലെന്നും ചെറിയ പരിക്ക് മാത്രമുള്ളു എന്ന് ബാഴ്സ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.മെസ്സി തിങ്കൾ മുതൽ പരിശീലനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സുവാരസും തയ്യാറായതായി സെറ്റിയൻ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലെ സർജറിക്ക് ശേഷം താരം വിശ്രമത്തിലാണ്. താരവും മയ്യോർക്കെതിരെ തിരിച്ചെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

” ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് കൊണ്ട് പരിശീലനത്തിനിറങ്ങാത്ത ആദ്യ താരമല്ല മെസ്സി. ഇത് ഒട്ടുമിക്ക താരങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. താരങ്ങൾ തിരിച്ചു വന്നതിന് ശേഷം പലർക്കും ഇത് അനുഭവപ്പെട്ടിട്ടുണ്ട്. ഇത് നിയന്ത്രണത്തിലൊതുങ്ങുന്ന ചെറിയ പരിക്കാണ്. എല്ലാം അദ്ദേഹം നല്ല രീതിയിൽ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാളെറെ വളരെ വേഗത്തിലാണ് സുവാരസ് മെച്ചപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ഏറെ കാലത്തിന് ശേഷം ഇത്രപെട്ടന്ന് തയ്യാറായത് എന്നത് വലിയൊരു ചോദ്യമാണ്. എന്തൊക്കെയായാലും കളത്തിലിറങ്ങാൻ സുവാരസ് സജ്ജനായി കഴിഞ്ഞു ” സെറ്റിയൻ മൂവിസ്റ്റാറിനോട് പറഞ്ഞു. നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനക്കാരാണ് ബാഴ്സ. എതിരാളികളായ റയൽ മാഡ്രിഡ്‌ രണ്ട് പോയിന്റുകൾക്ക് പിറകിലാണ്.

Leave a Reply

Your email address will not be published. Required fields are marked *