ചരിത്രനേട്ടം കുറിച്ച് ഫാറ്റി, തകർത്തത് 95 വർഷം പഴക്കമുള്ള റെക്കോർഡ് !

പതിനേഴാം വയസ്സിൽ തന്നെ ചരിത്രതാളുകളിൽ ഇടം നേടികൊണ്ടുള്ള അൻസു ഫാറ്റിയുടെ ജൈത്രയാത്ര തുടരുകയാണ്. മുമ്പ് ലാലിഗയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ ബാഴ്സ താരം, ലാലിഗയിൽ ഇരട്ടഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരം, ലാലിഗയിൽ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരം, ചാമ്പ്യൻസ് ലീഗിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറെർ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ ശേഷം മറ്റൊരു റെക്കോർഡാണ് താരം സ്വന്തം പേരിലേക്ക് മാറ്റിയിരിക്കുന്നത്. സ്പെയിനിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ഇനി ഫാറ്റിയുടെ പേരിലാണ്. ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിലെ ഉക്രൈനെതിരായ മത്സരത്തിലാണ് ഫാറ്റിയുടെ ഗോൾ പിറന്നത്. മുപ്പത്തിരണ്ടാം മിനുട്ടിൽ ഒരു തകർപ്പൻ ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്. ഈ ഗോളാണ് ഇപ്പോൾ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്.

95 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് ഫാറ്റിക്ക് മുന്നിൽ ഇന്നലെ കടപുഴക്കിയത്. മുമ്പ് യുവാൻ എറാസ്ക്വിൻ എന്ന താരത്തിന്റെ പേരിലായിരുന്നു സ്പെയിനിന് വേണ്ടി ഗോൾ നേടിയ പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ്. 1925-ൽ സ്വിറ്റ്സർലാന്റിനെതിരെയായിരുന്നു യുവാൻ ഗോൾ നേടിയത്. അന്ന് അദ്ദേഹം ഹാട്രിക് നേടുമ്പോൾ അദ്ദേഹത്തിന്റെ വയസ്സ് 18 വയസ്സും 344 ദിവസവുമായിരുന്നു. ഈ റെക്കോർഡ് ആണ് ഫാറ്റി ഇന്നലെ തകർത്തത്. ഇന്നലെ ഫാറ്റി ഗോൾ നേടുമ്പോൾ താരത്തിന്റെ വയസ്സ് 17 വയസ്സും 311 ദിവസവുമാണ്. അതേ സമയം ജർമ്മനിക്കെതിരെ കളിച്ച അന്ന് തന്നെ ചില നേട്ടങ്ങൾ ഫാറ്റി സ്വന്തം പേരിലാക്കിയിരുന്നു. സ്പെയിനിന് വേണ്ടി കളിക്കുന്ന 800-മത്തെ താരമാവാനും കൂടാതെ സ്പെയിൻ ചരിത്രത്തിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാവാനും അന്ന് തന്നെ ഫാറ്റിക്ക് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *