1883-ന് ശേഷം ഇതാദ്യം,137 വർഷത്തെ ചരിത്രം തിരുത്തിയെഴുതി ഇംഗ്ലീഷ് യുവനിര, ഫുട്ബോൾ ലോകത്തിന് അത്ഭുതം !

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് ഐസ്ലാന്റിനെ തകർത്തു വിട്ടത്. മത്സരത്തിൽ യുവതാരങ്ങളാണ് ഇംഗ്ലണ്ടിന് വേണ്ടി വലകുലുക്കിയത്. ഫിൽ ഫോഡൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡെക്ലൻ റൈസ്, മാസോൺ മൗണ്ട് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഇതിലെ ആകർഷകമായ കാര്യമെന്തെന്നാൽ ഈ ഗോൾ നേടിയ മൂന്ന് താരങ്ങളും ഇരുപത്തിയൊന്നോ അതിന് താഴെയോ പ്രായമുള്ളവരാണ്. ഈ യുവതാരങ്ങളുടെ ഗോൾവേട്ട പുതിയൊരു ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. 137 വർഷത്തെ ചരിത്രമാണ് ഇതിലൂടെ തിരുത്തിയെഴുതപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് 1883 -ലായിരുന്നു ഇത്രേം പ്രായം കുറഞ്ഞ മൂന്ന് താരങ്ങൾ ഒരുമിച്ച് ഒരു മത്സരത്തിൽ ഗോളുകൾ കണ്ടെത്തുന്നത്. അതിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ടീമിൽ ഇരുപത്തിയൊന്നോ അതിന് താഴെയോ വയസ്സുള്ള മൂന്ന് താരങ്ങൾ ഒരുമിച്ച് ഗോൾ കണ്ടെത്തുന്നത്.

1883 ഫെബ്രുവരിയിൽ നടന്ന അയർലാന്റിനേതിരെയുള്ള മത്സരത്തിൽ വില്യം കോബോൾഡ്, ഒലിവർ വാട്ലീ, ഫ്രാങ്ക്‌ പോസൺ എന്നിവരായിരുന്നു ഗോൾ നേടിയിരുന്നത്. ഈ മൂവരും യുവതാരങ്ങളായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലീഷ് സീനിയർ ടീമിന് വേണ്ടി ഇത്രയും പ്രായം കുറഞ്ഞ മൂന്ന് താരങ്ങൾ ഒരുമിച്ച് ഗോൾ നേടുന്നത്. ഇന്നലെ ഗോൾ നേടിയ ഫിൽ ഫോഡന് പ്രായം ഇരുപതാണ്. റൈസ്, മൗണ്ട് എന്നിവരുടെ പ്രായം ഇരുപത്തിയൊന്നുമാണ്. അതേസമയം ഇന്നലത്തെ മത്സരത്തിൽ പത്തൊൻപതുകാരനായ ബുകയോ സാകയും ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടണിഞ്ഞിരുന്നു. അണ്ടർ 22-ന് താഴെയുള്ള നാലു താരങ്ങളാണ് ഇന്നലെ കളിച്ചിരുന്നത്. 1959 നവംബറിൽ നോർത്തേൺ അയർലാന്റിനെതിരെയുള്ള മത്സരത്തിന് ശേഷം ഇതാദ്യമായാണ് നാലു അണ്ടർ 22 താരങ്ങൾ ഒരുമിച്ച് ഇംഗ്ലീഷ് ടീമിൽ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *