റയലിനെതിരെ മെസ്സി മികച്ച പ്രകടനമായിരുന്നു,അർജന്റീനയിൽ താരം കംഫർട്ടബിളാണ് : സ്‌കലോണി!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ വെനിസ്വേലയാണ്. നാളെ പുലർച്ച ഇന്ത്യൻ സമയം 5 മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക. ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമെന്നുള്ള കാര്യം സ്‌കലോണി സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ മറ്റു ചില കാര്യങ്ങളും മെസ്സിയെ പറ്റി സ്‌കലോണി പങ്കുവെച്ചിട്ടുണ്ട്.മെസ്സി അർജന്റീനയിൽ വളരെയധികം കംഫർട്ടബിളാണ് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.കൂടാതെ താരത്തിന്റെ പിഎസ്ജിയിലെ അവസ്ഥകളെ കുറിച്ചും സ്‌കലോണി സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി നല്ല രൂപത്തിലാണുള്ളത്. സാധാരണപോലെ അദ്ദേഹം പരിശീലനം നടത്തി. നാളത്തെ മത്സരത്തിൽ അദ്ദേഹം കളിക്കും. അർജന്റീനയിൽ മെസ്സി വളരെയധികം കംഫർട്ടബിളാണ്.മെസ്സി എല്ലാവരെയും പോലെ ടീമിൽ ഒരുവനാണ് എന്നുള്ളത് നടപ്പിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം മുതലാണ് ഇക്കാര്യം സാധാരണമാവാൻ തുടങ്ങിയത്. അർജന്റീനയിൽ അവസാനമായി കളിക്കുന്ന യോഗ്യത മത്സരമാണിത്. അതുകൊണ്ടുതന്നെ മികച്ച രൂപത്തിൽ അർജന്റീനയോട് വിടപറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഭാവി അതിലേറെ മികച്ചതാവുമെന്നും പ്രതീക്ഷിക്കുന്നു” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

അതേസമയം പിഎസ്ജിയിലെ മെസ്സിയുടെ സാഹചര്യത്തെക്കുറിച്ച് സ്കലോണി പറഞ്ഞത് ഇങ്ങനെയാണ്.

” ഞാൻ അദ്ദേഹത്തിന്റെ റയലിനെതിരെയുള്ള മത്സരം വീക്ഷിച്ചിരുന്നു. നല്ല പ്രകടനമാണ് ആ മത്സരത്തിൽ മെസ്സി കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ ചാമ്പ്യൻസ് ലീഗിൽ ചിലപ്പോൾ അപ്രതീക്ഷിതമായാണ് കാര്യങ്ങൾ സംഭവിക്കുക.മെസ്സി ഒരിക്കലും മോശമായിട്ടല്ല കളിച്ചത്.പക്ഷെ ബെർണാബുവിൽ കാര്യങ്ങൾ മാറിമറിയാൻ ഒരൊറ്റ നിമിഷം മതി ” ഇതാണ് സ്‌കലോണി പറഞ്ഞത്.

അർജന്റീനയുടെ അവസാനത്തെ രണ്ട് മത്സരങ്ങൾ കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.മെസ്സിയുടെ അഭാവത്തിലും വിജയക്കുതിപ്പ് തുടരാൻ അർജന്റീനക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *