മോശം മാനേജ്മെന്റ് : സ്പാനിഷ് FAയെ വിമർശിച്ച് ഗർനാച്ചോയുടെ ഏജന്റ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ അർജന്റീന ദേശീയ ടീമിന് വേണ്ടി കളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്പാനിഷ് ദേശീയ ടീമിൽ നിന്നും താരത്തിന് ക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയും അർജന്റീനയെ തിരഞ്ഞെടുക്കുകയുമായിരുന്നു. പക്ഷേ വീണ്ടും വീണ്ടും അദ്ദേഹത്തെ പ്രലോഭിപ്പിച്ചുകൊണ്ട് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഗർനാച്ചോയെ സമീപിക്കുകയായിരുന്നു.

ഈ വിഷയത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഗർനാച്ചോയുടെ ഏജന്റായ എൻറിക്കെ ഡി ലൂക്കാസ് രംഗത്ത് വന്നിട്ടുണ്ട്. വളരെ മോശം മാനേജ്മെന്റ് എന്നാണ് സ്പാനിഷ് FAയെ കുറിച്ച് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അർജന്റീനയെ ഇഷ്ടപ്പെടുന്നതുകൊണ്ടും അർജന്റീനക്കാരനാണെന്ന ഫീൽ ഉണ്ടായതുകൊണ്ടുമാണ് അർജന്റീനയെ തിരഞ്ഞെടുത്തതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.താരത്തിന്റെ ഏജന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സ്പെയിൻ എന്നുള്ളത് ഞങ്ങൾ അവസാനിപ്പിച്ച ഒരു വിഷയമാണ്.അതിൽ ഒളിയും മറയും ഒന്നുമില്ല. വളരെ മോശം മാനേജ്മെന്റ് ആണ് സ്പാനിഷ് ഫെഡറേഷനുള്ളത്.അതൊരുപക്ഷേ മോശം പൊളിറ്റിക്സ് കൂടിയാവാം.ഇത്തരത്തിലുള്ള സംഭവങ്ങൾ മുന്നേയും നടന്നിട്ടുണ്ട്. അർജന്റീനയെ വളരെയധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അദ്ദേഹം അത് തിരഞ്ഞെടുത്തത്. അർജന്റീനയെ പോലെ ഒരു ടീമിനു വേണ്ടി കളിക്കുക എന്നുള്ളത് അവനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. അതൊരു അനുഗ്രഹം തന്നെയാണ് “ഇതാണ് ഗർനാച്ചോയുടെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

ഇത്തവണത്തെ അണ്ടർ 20 വേൾഡ് കപ്പിൽ അർജന്റീന ദേശീയ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കാൻ ഗർനാച്ചോക്ക് ആഗ്രഹമുണ്ടായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു സമ്മതിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡിനു വേണ്ടി ഗോൾ നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *