മെസ്സിയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എനിക്ക് രോമാഞ്ചമുണ്ടാവും :എൻസോ ഫെർണാണ്ടസ് പറയുന്നു.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി അസാമാന്യ പ്രകടനം പുറത്തെടുത്ത യുവ സൂപ്പർതാരമാണ് എൻസോ ഫെർണാണ്ടസ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് എൻസോ തന്നെയായിരുന്നു. പിന്നീട് റെക്കോർഡ് തുകക്ക് അദ്ദേഹത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി സ്വന്തമാക്കുകയും ചെയ്തു.
ഏതായാലും പുതുതായി Tyc സ്പോർട്സിന് എൻസോ ഫെർണാണ്ടസ് ഒരു അഭിമുഖം നൽകിയിരുന്നു. ലയണൽ മെസ്സിയെ കുറിച്ച് ഒരിക്കൽക്കൂടി ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. മെസ്സിയെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം തനിക്ക് രോമാഞ്ചമുണ്ടാകുമെന്നാണ് എൻസോ ഇപ്പോൾ പറഞ്ഞിട്ടുള്ളത്. മെസ്സിയോട് താൻ നന്ദി പറഞ്ഞുവെന്നും എൻസോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Enzo Fernández: “Whenever I talk about Messi I get goosebumps. He is my idol, there’s no words… He is the greatest of all time.” @gastonedul 🗣️🇦🇷❤️ pic.twitter.com/Uap0qScecu
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 6, 2023
” ഞാൻ ലയണൽ മെസ്സിയെക്കുറിച്ച് എപ്പോഴൊക്കെ സംസാരിക്കുന്നുവോ അപ്പോഴൊക്കെ എനിക്ക് രോമാഞ്ചം ഉണ്ടാവും.ഞാൻ ലയണൽ മെസ്സിയോട് നന്ദി പറഞ്ഞിരുന്നു.അദ്ദേഹം ഓരോരുത്തരെയും ട്രീറ്റ് ചെയ്യുന്ന രീതിക്കാണ് നന്ദി അറിയിച്ചത്. എല്ലാ അർജന്റീനക്കാർക്ക് വേണ്ടിയും അദ്ദേഹം ചെയ്തു തന്ന കാര്യങ്ങളെ വിവരിക്കാൻ ഇനി വാക്കുകൾ ഇല്ല. അർജന്റീനയെ ഉപേക്ഷിക്കാത്തതിനും എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നതിനും ഞാൻ മെസ്സിയോട് നന്ദി പറഞ്ഞിരുന്നു. എല്ലാവർക്കും മാതൃകയാക്കാവുന്നതാണ് ലയണൽ മെസ്സിയുടെ പ്രവർത്തികൾ “എൻസോ ഫെർണാണ്ടസ് പറഞ്ഞു.
ഈ മാസത്തിന്റെ അവസാനത്തിൽ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളാണ് അർജന്റീനയുടെ ദേശീയ ടീം കളിക്കുക.പനാമ,കുറകാവോ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.സ്വന്തം ആരാധകർക്ക് മുന്നിൽവച്ച് തന്നെയാണ് ഈ മത്സരങ്ങൾ നടക്കുക.