മെസ്സിയുടെ പകരക്കാരനാവാൻ ഡിബാല!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വക്കെതിരെയാണ് ഇനി അർജന്റീനയുടെ അടുത്ത മത്സരം.വരുന്ന ശനിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നുള്ള കാര്യം സംശയത്തിലാണ്. എന്തെന്നാൽ മെസ്സിയിപ്പോൾ ഹാംസ്ട്രിംഗ് ഇഞ്ചുറിയുടെ പിടിയിലാണ്. പിഎസ്ജിയുടെ അവസാന രണ്ട് മത്സരങ്ങളിലും മെസ്സി പരിക്ക് മൂലം കളിച്ചിരുന്നില്ല. പക്ഷേ അർജന്റീനക്കൊപ്പം മെസ്സി പരിശീലനം നടത്തിയിരുന്നു. പരിക്കിന്റെ പ്രശ്നവും പിഎസ്ജിയുടെ എതിർപ്പും നിലനിൽക്കെ മെസ്സിയെ സ്കലോണി ആദ്യഇലവനിൽ ഉൾപ്പെടുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.
Paulo Dybala could start in place of Lionel Messi for Argentina in World Cup qualifier. https://t.co/SBemH6K3b8
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 9, 2021
മെസ്സി ആദ്യ ഇലവനിൽ ഇല്ലെങ്കിൽ മെസ്സിയുടെ പകരക്കാരൻ സൂപ്പർതാരം പൗലോ ഡിബാലയാവുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.മെസ്സിയുടെ സ്ഥാനത്ത് ഡിബാല ഇടം പിടിച്ചേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് കണ്ടെത്തിയിരിക്കുന്നത്.ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ ഡിബാല യുവന്റസിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. മൂന്ന് സിരി എ ഗോളുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം അർജന്റീനയുടെ മറ്റൊരു മുന്നേറ്റനിര താരമായ നിക്കോളാസ് ഗോൺസാലസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത്കൊണ്ട് തന്നെ അർജന്റീനയുടെ മുന്നേറ്റനിരയിൽ ഡിബാലക്കൊപ്പം ലൗറ്ററോ മാർട്ടിനെസും എയ്ഞ്ചൽ ഡി മരിയയുമായിരിക്കും ഇടം നേടുക.
നിലവിൽ വേൾഡ് കപ്പ് യോഗ്യത പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അർജന്റീനയുള്ളത്.11 മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.