മെസ്സിക്ക് മാത്രമാണ് സ്ഥാനം ഉറപ്പുള്ളത് : തന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡി മരിയ!

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ സൂപ്പർ താരം ഡി മരിയക്ക് സാധിച്ചിരുന്നു. ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീന നേടിയ വിജയഗോൾ പിറന്നത് ഡി മരിയയുടെ ബൂട്ടിൽ നിന്നായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റൈൻ ടീമിൽ തനിക്ക് സ്ഥാനം ലഭിക്കുമോ എന്നുള്ള കാര്യത്തിൽ ഡി മരിയക്ക് ആശങ്കയുണ്ട്. ലയണൽ മെസ്സി മാത്രമാണ് അർജന്റൈൻ ടീമിൽ സ്ഥാനമുറപ്പിച്ച താരമെന്നും തന്റെ കാര്യത്തെക്കുറിച്ച് അറിയില്ല എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ടീമിൽ സ്ഥാനം ഉറപ്പിച്ച ഒരേയൊരു വ്യക്തി ലയണൽ മെസ്സിയാണ്. സീസൺ ആരംഭിച്ചതിനു ശേഷം വേൾഡ് കപ്പിന് നാലു മാസങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ടീമിൽ ഇടം നേടാൻ കഴിയുമോ എന്നുള്ള കാര്യം എനിക്കറിയില്ല. എനിക്ക് ക്ലബ്ബ് മാറേണ്ടതുണ്ട്, അവിടെ അഡാപ്റ്റ് ആവേണ്ടതുണ്ട്, അതുകൊണ്ടുതന്നെ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായേക്കാം ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

ഈ വേൾഡ് കപ്പിന് ശേഷം അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന് ഡി മരിയ നേരത്തെ അറിയിച്ചിരുന്നു. ഒരു പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ താരമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *