മഷെരാനോക്കൊപ്പമെത്തി, അപൂർവനേട്ടത്തിനരികിൽ ലയണൽ മെസ്സി!

ഇന്ന് പുലർച്ചെ നടന്ന കോപ്പ അമേരിക്കയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ പരാഗ്വയെ കീഴടക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയത്. മത്സരത്തിൽ നായകൻ ലയണൽ മെസ്സിക്ക് പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും ഒരു അപൂർവ നേട്ടത്തിനരികിലാണിപ്പോൾ സൂപ്പർ താരം.അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടമാണ് മെസ്സിയെ കാത്തിരിക്കുന്നത്.ഇതുവരെ 147 മത്സരങ്ങളാണ് മെസ്സി അർജന്റീന ജേഴ്‌സിയിൽ കളിച്ചിട്ടുള്ളത്. തന്റെ മുൻ സഹതാരം ഹവിയർ മഷെരാനോക്കൊപ്പമാണ് മെസ്സി ഈ റെക്കോർഡ് പങ്കിടുന്നത്.

15 വർഷങ്ങൾക്ക് മുമ്പ് ഹങ്കറിക്കെതിരെയുള്ള സൗഹൃദമത്സരത്തിലായിരുന്നു മെസ്സി ആദ്യമായി അർജന്റീന ജേഴ്സി അണിഞ്ഞത്. പകരക്കാരനായി വന്ന മെസ്സി ഓർക്കാൻ ഇഷ്ടപ്പെടാത്ത അരങ്ങേറ്റമായിരിക്കും അത്‌.എന്തെന്നാൽ കളത്തിലിറങ്ങിയ ഉടൻ തന്നെ മെസ്സിക്ക് റെഡ് കാർഡ് ലഭിച്ചു. ഇതിന് ശേഷം 5787 ദിവസങ്ങൾ മെസ്സി അർജന്റീന താരമായി തുടർന്നു.ഇക്കാലയളവിൽ നാല് വേൾഡ് കപ്പുകൾ,ആറ് കോപ്പ അമേരിക്ക,യോഗ്യത മത്സരങ്ങൾ, സൗഹൃദമത്സരങ്ങൾ എന്നിവ അർജന്റീന കളിച്ചു.തന്റെ രാജ്യത്തിനു വേണ്ടി 73 ഗോളുകളും മെസ്സി അടിച്ചു കൂട്ടിയിട്ടുണ്ട്. പക്ഷേ ഒരു കിരീടം എന്നുള്ളത് മെസ്സിക്ക് ഇപ്പോഴും സ്വപ്നമാണ്.ഏതായാലും അടുത്ത മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ബൂട്ടണിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഖ്യാതി മെസ്സിക്ക് സ്വന്തമാവും.

Leave a Reply

Your email address will not be published. Required fields are marked *