ബ്രസീലിയൻ ടീമിലെ പുതിയ സാന്നിധ്യം,ആരാണ് യൂരി ആൽബർട്ടോ?

ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ കേവലം ഒരു സൗഹൃദ മത്സരം മാത്രമാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ. മാർച്ച് 26 തീയതി ഇന്ത്യൻ സമയം പുലർച്ചെ 3:30നാണ് ഈയൊരു മത്സരം നടക്കുക.മൊറോക്കോയിൽ വെച്ചാണ് ബ്രസീൽ ഈ മത്സരം കളിക്കുക.

ബ്രസീലിന്റെ അണ്ടർ 20 ടീമിന്റെ പരിശീലകനായ റാമോൻ മെനസസാണ് ഇപ്പോൾ സീനിയർ ടീമിന്റെ താൽക്കാലിക പരിശീലകനായി കൊണ്ട് ചുമതലയേറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള ആദ്യ മത്സരമാണ് മൊറോക്കോക്കെതിരെ നടക്കുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ടീമിൽ രണ്ടു മാറ്റങ്ങൾ ഇപ്പോൾ പരിശീലകന് വരുത്തേണ്ടി വന്നിട്ടുണ്ട്.

അതായത് പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരങ്ങളായ മാർക്കിഞ്ഞോസ്,റിച്ചാർലീസൺ എന്നിവർക്കാണ് ടീമിൽ നിന്നും സ്ഥാനം നഷ്ടമായിരിക്കുന്നത്. പകരം യുവന്റസിന്റെ ഡിഫന്ററായ ബ്രമർ, കൊറിന്ത്യൻസിന്റെ സ്ട്രൈക്കറായ യൂരി ആൽബർട്ടോ എന്നിവരാണ് ടീമിൽ ഇടം കണ്ടെത്തിയിട്ടുള്ളത്. ഇത് ആദ്യമായാണ് ബ്രസീലിന്റെ സീനിയർ ടീമിലേക്ക് യൂരി ആൽബർട്ടോ തിരഞ്ഞെടുക്കപ്പെടുന്നത്.

22 കാരനായ ഈ താരം ബ്രസീലിന്റെ അണ്ടർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അണ്ടർ 20 ടീമിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച ഇദ്ദേഹം ഗോളും കരസ്ഥമാക്കിയിട്ടുണ്ട്.ഇത്തവണത്തെ ബ്രസീലിയൻ ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും കരസ്ഥമാക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ബ്രസീലിന്റെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെ യൂരി ആൽബർട്ടോ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ദൈവം എല്ലായിപ്പോഴും നല്ലവനാണ്.കുട്ടിക്കാലം തൊട്ടേയുള്ള എന്റെ ഒരു സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കാരമായിരിക്കുന്നത്.എന്നെ ഈയൊരു നിലയിലേക്ക് എത്താൻ സഹായിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു.ആയിരക്കണക്കിന് ആളുകളിൽ നിന്നാണ് എനിക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ചോര നൽകിക്കൊണ്ട് സംരക്ഷിക്കുന്ന ബ്രസീലിനു വേണ്ടി അവസരം ലഭിച്ചതിൽ ഞാൻ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു ” യൂരി ആൽബർട്ടോ കുറിച്ചു.

ഏതായാലും മൊറോക്കോക്കെതിരെയുള്ള ടീമിൽ ഒരുപാട് യുവതാരങ്ങൾക്ക് അവസരം നൽകാൻ റാമോൺ മെനസസിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!