ബ്രസീലിന് എന്നെ വേണമെന്നതിൽ ഹാപ്പി:പ്രതികരിച്ച് ആഞ്ചലോട്ടി.

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇപ്പോഴും ഒരു പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഒരു സ്ഥിര പരിശീലകന് ഇതുവരെ നിയമിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. അടുത്ത ജൂൺ മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ പരിശീലകനെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീം നടത്തുന്നത്.റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയെയാണ് ബ്രസീൽ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സിബിഎഫ് പ്രസിഡന്റ് എഡ്നാൾഡോ നടത്തുകയും ചെയ്തിരുന്നു.ഏതായാലും ഈ കാര്യങ്ങളോട് ഇപ്പോൾ പരിശീലകനായ ആഞ്ചലോട്ടി ഒരിക്കൽക്കൂടി പ്രതികരിച്ചിട്ടുണ്ട്. ബ്രസീലിനെ തന്നെ വേണമെന്നതിൽ താൻ ഒരുപാട് സന്തോഷവാനാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബ്രസീലിയൻ ദേശീയ ടീം എന്നെ പരിശീലകൻ ആക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളത് ഞാൻ അറിഞ്ഞു.അത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. എനിക്ക് ബ്രസീലിയൻ എഫ്എ പ്രസിഡണ്ടിനെ നേരിട്ട് അറിയില്ല.പക്ഷേ അദ്ദേഹത്തിന് എന്നോട് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും അത് എനിക്ക് സന്തോഷമുള്ള ഒരു കാര്യം തന്നെയാണ്. പക്ഷേ എനിക്ക് റയൽ മാഡ്രിഡുമായി കരാർ ഉണ്ട്. അത് പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ഈ ക്ലബ്ബിനെ ഞാൻ വളരെയധികം സ്നേഹിക്കുന്നു.റയൽ മാഡ്രില്‍ തന്നെ വിരമിക്കൽ പ്രഖ്യാപിക്കും എന്നുള്ളത് ഞാൻ മുമ്പ് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് അത് പറയാൻ കഴിയില്ല. റയൽ മാഡ്രിഡ് അനുവദിക്കുന്നിടത്തോളം കാലം ഞാൻ ഇവിടെ തന്നെ തുടരും. ഇത് ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല. മറിച്ച് കിരീടങ്ങൾ നേടാനുള്ള സമയമാണ് “ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ശേഷം ആഞ്ചലോട്ടിയെ റയൽ മാഡ്രിഡ് ഒഴിവാക്കാനുള്ള സാധ്യതകൾ ഏറെയാണ് എന്നുള്ളത് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകൻ ആവാൻ തന്നെയാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!