പതിനഞ്ചാം വയസ്സിൽ ലയണൽ മെസ്സിക്ക് എഴുതിയ കുറിപ്പ് വൈറൽ, പ്രതികരിച്ച് എൻസോ ഫെർണാണ്ടസ്.

അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം കിരീടം ഇല്ലാത്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് ലയണൽ മെസ്സി. 2015 കോപ്പ അമേരിക്ക ഫൈനലിൽ പരാജയപ്പെട്ടതോടുകൂടി അദ്ദേഹം ദേശീയ ടീം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പിന്നീട് 2016ൽ മെസ്സി അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുകയും പിന്നീട് തിരിച്ചുവരുകയും ചെയ്തിരുന്നു. ഏതായാലും 2015 ൽ, തന്റെ പതിനഞ്ചാമത്തെ വയസ്സിൽ എൻസോ ഫെർണാണ്ടസ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. ലയണൽ മെസ്സിയോട് അർജന്റീന വിട്ടുപോകരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു ആ കുറിപ്പ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി എൻസോ തകർപ്പൻ പ്രകടനം നടത്തിയതോടുകൂടി ആ പഴയ കുറിപ്പ് വീണ്ടും വൈറലായിരുന്നു. ലയണൽ മെസ്സിയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. അതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ എൻസോയോട് ചോദിക്കപ്പെട്ടിരുന്നു.അതിന് മറുപടിയായി കൊണ്ട് താരം പറഞ്ഞത് ഇങ്ങനെയാണ്.

” മറ്റുള്ളവരുടെ ചെറിയ സഹായത്തോടുകൂടിയാണ് ഞാൻ ഫേസ്ബുക്കിൽ ആ കുറിപ്പ് എഴുതിയത്. എന്നിരുന്നാലും എന്റെ വാക്കുകൾ തന്നെയാണവ. ഞാൻ എപ്പോഴും മെസ്സിയെ പിന്തുണക്കുമായിരുന്നു. ദേശീയ ടീം വിടാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞ ആ സമയത്ത് ഒരുപാട് വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നു. എന്റെ വാക്കുകളിലൂടെ ലയണൽ മെസ്സിക്ക് സന്ദേശം ഡെഡിക്കേറ്റ് ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്.വർഷങ്ങൾക്കിപ്പുറം എല്ലാം വെളിച്ചം കണ്ടിരിക്കുന്നു.ഞാൻ പിന്നീട് മെസ്സിയോട് നന്ദി പറഞ്ഞു. അർജന്റീനയെ ഉപേക്ഷിക്കാത്തതിനും കിരീടങ്ങൾക്ക് വേണ്ടി വീണ്ടും വീണ്ടും ശ്രമിച്ചതിനുമാണ് ഞാൻ നന്ദി പറഞ്ഞത് “എൻസോ Tyc യോട് പറഞ്ഞു.

വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയ എൻസോ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ചെൽസി ഇപ്പോൾ മുന്നോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *