നെയ്മറിന്റെ പരിക്കിനെ ഓർമ്മപ്പെടുത്തി കൊണ്ട് പലാസിയോസിന്റെ പരിക്ക്, മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് !

ബ്രസീലിയൻ ആരാധകരുടെ ഹൃദയം തകർത്ത ഒരു സംഭവമായിരുന്നു 2014 വേൾഡ് കപ്പിലെ നെയ്മർ ജൂനിയറുടെ പരിക്ക്. കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ എതിരാളിയായ കാമിലോ സുനിഗയുടെ കാൽമുട്ടുകൊണ്ട് ഇടിയേറ്റ നെയ്മറുടെ നട്ടെല്ലിന് ക്ഷതമേൽക്കുകയായിരുന്നു. തുടർന്ന് താരത്തിന് ആ വേൾഡ് കപ്പ് മത്സരങ്ങൾ നഷ്ടമാവുകയും ബ്രസീൽ പരാജയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇപ്പോഴിതാ ആ പരിക്കിനെ ഓർമ്മിക്കുന്ന ഒരു പരിക്കാണ് അർജന്റൈൻ താരം എസിക്കിയേൽ പലാസിയോസിന് പറ്റിയിരിക്കുന്നത്. മത്സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടിലാണ് താരത്തിന് പരിക്കേറ്റത്.

പരാഗ്വ താരം എയ്ഞ്ചൽ റൊമേറോ താരത്തെ കാൽമുട്ടു കൊണ്ട് നട്ടെല്ലിന് ഇടിക്കുകയായിരുന്നു. താരത്തിന്റെ നട്ടെല്ലിന് പൊട്ടലുണ്ട് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ അർജന്റീന വ്യക്തമാക്കിയിരിക്കുന്നത്. ” താരത്തിന്റെ നട്ടെല്ലിന് പൊട്ടലേറ്റതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ പരിക്കിന്റെ പുരോഗതികൾ വ്യക്തമായ പരിശോധനകൾക്ക് ശേഷം വ്യക്തമാക്കും ” എന്നാണ് മെഡിക്കൽ റിപ്പോർട്ട്‌ പ്രസ്ഥാവിക്കുന്നത്. മധ്യനിര താരമായ പലാസിയോസ് ബയേർ ലെവർകൂസന്റെ താരമാണ്. താരത്തിന് പകരമായി ലോ സെൽസോയെയാണ് സ്കലോണി കളത്തിലിറക്കിയത്.ലോ സെൽസോ മിന്നും പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു. ഏതായാലും താരത്തിന്റെ പരിക്ക് ഒരല്പം ഗുരുതരമാണ്. എത്ര കാലം താരം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *