ചാമ്പ്യന്മാരുടെ ചാമ്പ്യൻ, 2022ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള അവാർഡും സ്വന്തമാക്കി ലിയോ മെസ്സി!
ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമായി കൊണ്ട് വേണമെങ്കിൽ 2022 നെ രേഖപ്പെടുത്താം. കാരണം വേൾഡ് കപ്പ് കിരീടം അർജന്റീനക്കൊപ്പം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.ആ കിരീടനേട്ടത്തിന് ചുക്കാൻ പിടിച്ചിരുന്നത് ലയണൽ മെസ്സി തന്നെയായിരുന്നു. ദിവസങ്ങൾക്കു മുന്നേയായിരുന്നു IFFHS ന്റെ കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലിയോ മെസ്സിയെ തേടിയെത്തിയത്.
ഇതിന് പിന്നാലെ മറ്റൊരു പുരസ്കാരവും ലയണൽ മെസ്സിയെ തേടി എത്തിയിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്കുപ്പെ നൽകുന്ന ഏറ്റവും മികച്ച കായിക താരത്തിനുള്ള അവാർഡാണ് മെസ്സി കൈകലാക്കിയിട്ടുള്ളത്.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പോരാട്ടത്തിൽ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെയും ടെന്നീസ് ഇതിഹാസമായ റാഫേൽ നദാലിനെയുമാണ് ലയണൽ മെസ്സി മറികടന്നിട്ടുള്ളത്.
Lionel Messi has been named as L'Équipe's "Champion des Champions", the best male athlete of the year. pic.twitter.com/PDVmi5rVji
— Roy Nemer (@RoyNemer) January 6, 2023
ചാമ്പ്യന്മാരുടെ ചാമ്പ്യൻ എന്നാണ് ഈ പുരസ്കാരം അറിയപ്പെടാറുള്ളത്.കിലിയൻ എംബപ്പേയും റാഫേൽ നദാലിനെയും വലിയ മാർജിനിലാണ് മെസ്സി പരാജയപ്പെടുത്തിയിട്ടുള്ളത്. 35 കാരനായ ലയണൽ മെസ്സിക്ക് 808 പോയിന്റുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബപ്പേ 381 പോയിന്റുകൾ നേടിയപ്പോൾ റാഫേൽ നദാൽ 285 പോയിന്റുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്.
തന്റെ കരിയറിൽ ഇത് രണ്ടാം തവണയാണ് ലയണൽ മെസ്സി എൽ എക്കുപ്പെയുടെ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. 2011 ലാണ് മെസ്സി ആദ്യമായി ഇത് സ്വന്തമാക്കുന്നത്.ഈ പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കുന്ന ആദ്യത്തെ ഫുട്ബോൾ താരമായി മാറാനും ലയണൽ മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.സിദാൻ,ഡിയഗോ മറഡോണ,പൗലോ റോസ്സി,റൊമാരിയോ എന്നിവരൊക്കെ മുമ്പ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളവരാണ്.