ഗ്രൂപ്പ് ഘട്ടം ബ്രസീലിന് എളുപ്പമാവില്ല,ഫൈനലിൽ എത്തുമെന്ന് തോന്നുന്നില്ല :ബ്രസീലിയൻ ഫുട്ബോൾ പണ്ഡിറ്റ്!

ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.യൂറോപ്യൻ ടീമുകളായ സ്വിറ്റ്സർലാന്റ്,സെർബിയ എന്നിവരാണ് ബ്രസീലിന് വെല്ലുവിളി ഉയർത്തുക.ആഫ്രിക്കൻ കരുത്തരായ കാമറൂണും ബ്രസീലിന്റെ ഗ്രൂപ്പിലാണ്.

ഏതായാലും പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയുടെ ഫുട്ബോൾ പണ്ഡിറ്റായ കസാഗ്രാന്റെ ഈ ഗ്രൂപ്പിനെ വിശകലനം ചെയ്തിട്ടുണ്ട്.ഗ്രൂപ്പ് ഘട്ടം ബ്രസീലിനെ സംബന്ധിച്ചെടുത്തോളം എളുപ്പമായിരിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.ബ്രസീൽ ഫൈനലിൽ എത്താനുള്ള സാധ്യതകൾ താൻ കാണുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.കസാഗ്രാന്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഗ്രൂപ്പിലെ ഫേവറേറ്റുകൾ ബ്രസീൽ തന്നെയാണ്.പക്ഷെ ബ്രസീലിന് കാര്യങ്ങൾ എളുപ്പമാകുമെന്ന് ഞാൻ കരുതുന്നില്ല.റഷ്യൻ വേൾഡ് കപ്പിൽ ബ്രസീലിനെ ബുദ്ധിമുട്ടിച്ചവരാണ് സ്വിറ്റ്സർലാന്റ്.സെർബിയക്കെതിരെയുള്ള മത്സരവും വളരെ സങ്കീർണമായിരുന്നു.കാമറൂൺ അത്ഭുതങ്ങൾ കാണിക്കാൻ കെൽപ്പുള്ളവരാണ്.ബ്രസീൽ ഗ്രൂപ്പ് ഘട്ടം കടന്നേക്കും. പക്ഷേ നോക്കൗട്ട് റൗണ്ടിൽ ബ്രസീലിന് കാര്യങ്ങൾ എളുപ്പമാവില്ല.സ്പെയിൻ,ജർമ്മനി, ബെൽജിയം തുടങ്ങിയവരായിരിക്കും ബ്രസീലിന് വെല്ലുവിളി ഉയർത്തുക.ഫൈനലിൽ ബ്രസീൽ എത്തുമെന്ന് എനിക്ക് തോന്നുന്നില്ല.മറിച്ച് ഫ്രാൻസും ജർമനിയും ഫൈനലിൽ ഏറ്റുമുട്ടാനാണ് ഞാൻ സാധ്യതകൾ കാണുന്നത് ” ഇതാണ് കസാഗ്രാന്റെ പറഞ്ഞിട്ടുള്ളത്.

നിലവിൽ മികച്ച ഫോമിലാണ് ടിറ്റെയുടെ കീഴിൽ ബ്രസീൽ കളിക്കുന്നത്. പക്ഷേ യൂറോപ്പ്യൻ ടീമുകൾക്കെതിരെ ബ്രസീലിന്റെ പ്രകടനം എങ്ങനെയാവുമെന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!