ഗോളടിക്കാമായിരുന്നിട്ടും സഹതാരത്തിന് പാസ് നൽകി,ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് പോർച്ചുഗൽ പരിശീലകൻ!

കഴിഞ്ഞ യൂറോ യോഗ്യത മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ ബോസ്നിയയെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ബ്രൂണോ ഫെർണാണ്ടസ് ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു. ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ മുഴുവൻ സമയവും കളിച്ചിരുന്നു.

ഗോളുകളോ അസിസ്റ്റുകളോ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 88ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ തന്റെ സഹതാരമായ ജോട്ടക്ക് ഒരു സുവർണ്ണാവസരം ഒരുക്കി നൽകിയിരുന്നു.എന്നാൽ ജോട്ട അത് പാഴാക്കുകയായിരുന്നു. എന്നിരുന്നാലും റൊണാൾഡോയുടെ ആ പാസിനെ പ്രശംസിച്ചുകൊണ്ട് പോർച്ചുഗൽ പരിശീലകനായ റോബെർട്ടോ മാർട്ടിനസ് രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ദേശീയ ടീമിനോടുള്ള റൊണാൾഡോയുടെ ആത്മാർത്ഥത അസാധാരണമാണ്.എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു ക്യാപ്റ്റനാണ് റൊണാൾഡോ. ലോക ഫുട്ബോളിലെ അതുല്യനായ താരമാണ് അദ്ദേഹം.199 മത്സരങ്ങൾ പോർച്ചുഗലിനു വേണ്ടി കളിച്ചു എന്നുള്ളത് തന്നെ അതിശയകരമായ ഒരു കാര്യമാണ്.എപ്പോഴും ടീമിന്റെ പ്ലാനിന് അനുസരിച്ചാണ് അദ്ദേഹം കളിക്കാറുള്ളത്. മാത്രമല്ല അദ്ദേഹം ജോട്ടക്ക് നൽകിയ ആ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ടീമിന് എപ്പോഴും നല്ലത് മാത്രം ആഗ്രഹിക്കുന്ന ഒരു താരത്തിന്റെ ക്വാളിറ്റിയാണ് അത്. റൊണാൾഡോക്ക് അത് വേണമെങ്കിൽ ഗോളാക്കി മാറ്റാമായിരുന്നു.പക്ഷേ അത് അദ്ദേഹം സഹതാരത്തിന് നൽകുകയാണ് ചെയ്തത് “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത മത്സരത്തിൽ പോർച്ചുഗല്ലിന്റെ എതിരാളികൾ ഐസ്ലാൻഡ് ആണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 200ആം അന്താരാഷ്ട്ര മത്സരം ആയിരിക്കും അത്. ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ആരും തന്നെ തന്റെ രാജ്യത്തിന് വേണ്ടി 200 മത്സരങ്ങൾ കളിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!