ക്രിസ്റ്റ്യാനോയുടെ ശ്രദ്ധ സ്വന്തം ടീമിലാണ്, അല്ലാതെ സ്വന്തം കാര്യത്തിൽ അല്ല:ബ്രൂണോ
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സ്ലോവേനിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ജോർജിയയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയവരാണ് പോർച്ചുഗൽ. അതുകൊണ്ടുതന്നെ അവർക്ക് ഇന്നൊരു തിരിച്ചുവരവ് അനിവാര്യമാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോളടിക്കാൻ സാധിക്കുന്നില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും കളിച്ച റൊണാൾഡോക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.തുർക്കിക്കെതിരെ ഒരു അസിസ്റ്റ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. താരത്തിന് പിന്തുണയുമായി സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോയുടെ ശ്രദ്ധ ടീമിലാണെന്നും അല്ലാതെ സ്വന്തം കാര്യത്തിൽ അല്ല എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ വിജയങ്ങൾ തന്നെയാണ്.അദ്ദേഹം സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല. തുർക്കിക്കെതിരെ അദ്ദേഹം എനിക്ക് നൽകിയ അസിസ്റ്റ് ഒരു മികച്ച തീരുമാനം തന്നെയായിരുന്നു.ഇനിയിപ്പോ അദ്ദേഹം അത് ഷോട്ട് എടുത്താലും ഇതേ റിസൾട്ട് തന്നെയായിരിക്കും ഉണ്ടാവുക ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.
യൂറോകപ്പിലെ നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നത്തെ മത്സരത്തിലും അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഇന്ന് യൂറോ കപ്പിൽ മറ്റൊരു പ്രീ ക്വാർട്ടർ പോരാട്ടം കൂടി അരങ്ങേറുന്നുണ്ട്. ഫ്രാൻസും ബെൽജിയവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.