കോച്ചാവുമോ? മറുപടിയുമായി മെസ്സി!
തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം ലയണൽ മെസ്സി തന്നെ ഈയിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ കരിയറിലെ അവസാനത്തെ ക്ലബ്ബ് ഇന്റർ മയാമിയാണ് എന്നുള്ള കാര്യവും മെസ്സി വ്യക്തമാക്കിയിരുന്നു. അടുത്ത വേൾഡ് കപ്പിൽ പങ്കെടുക്കാൻ മെസ്സി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അതിനുശേഷം മെസ്സി വിരമിക്കൽ പ്രഖ്യാപിക്കാനുള്ള എല്ലാ സാധ്യതകളും ഇവിടെ തെളിഞ്ഞു കാണുന്നുണ്ട്.
പ്ലെയർ കരിയർ അവസാനിപ്പിച്ചാൽ പിന്നീട് എന്താണ് പ്ലാനുകൾ? പരിശീലക വേഷത്തിൽ കാണാൻ ആരാധകർക്ക് സാധിക്കുമോ?ഇക്കാര്യം ലയണൽ മെസ്സിയോട് തന്നെ നേരിട്ട് ചോദിച്ചിരുന്നു. പരിശീലകനാവാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാൽ ഭാവിയിൽ എന്താണ് സംഭവിക്കുക എന്നത് ഇപ്പോൾ പറയാൻ പറ്റില്ലെന്നും മെസ്സി പറഞ്ഞിട്ടുണ്ട്.ESPN അർജന്റീനക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എപ്പോഴും പറഞ്ഞ കാര്യമാണ് ഞാൻ പരിശീലകനാവാൻ ഉദ്ദേശിക്കുന്നില്ല എന്നത്.പരിശീലക വേഷമണിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഞാനത് ഇഷ്ടപ്പെടുന്നില്ല.പക്ഷേ ജീവിതത്തിലും ഫുട്ബോളിലും ഒരുപാട് ട്വിസ്റ്റുകൾ സംഭവിക്കാം.അത് നമുക്ക് ഒരിക്കലും അറിയില്ലല്ലോ.ഞാൻ പരിശീലകൻ ആവുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.പക്ഷേ ഫുട്ബോളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊക്കെ ഒരു മേഖലയിൽ ഞാൻ ഉണ്ടാകും. കാരണം ഫുട്ബോൾ എന്റെ ജീവിതമാണ്. ഞാൻ അതിനെ വളരെയധികം ഇഷ്ടപ്പെടുന്നു “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
പരിശീലകൻ ആവുന്നതിനേക്കാൾ താൻ മുൻഗണന നൽകുന്നത് സ്പോട്ടിംഗ് ഡയറക്ടർ ആകുന്നതിനാണ് എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു. ഏതായാലും ഫുട്ബോൾ കരിയർ അവസാനിപ്പിച്ച ശേഷം മെസ്സി കുറച്ചുകാലം വിശ്രമ ജീവിതം നയിക്കാനാണ് സാധ്യത. അതിനുശേഷമായിരിക്കും മറ്റേതെങ്കിലും റോളിൽ മെസ്സി ഫുട്ബോൾ ലോകത്തേക്ക് തിരിച്ചെത്തുക.ബാഴ്സയിൽ മറ്റേതെങ്കിലും റോളിൽ മെസ്സിയെ കാണാനുള്ള സാധ്യതകൾ ഏറെയാണ്.