ആരെങ്കിലും അവനെ തടയൂ, അല്ലെങ്കിൽ അവൻ ഗോളടിക്കും: നെയ്മറുടെ പ്രകടനത്തെ കുറിച്ച് എമി!
അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടി കൊണ്ടാണ് അദ്ദേഹം പടിയിറങ്ങിയത്. കഴിഞ്ഞ ചിലിക്കെതിരെയുള്ള മത്സരത്തിന് മുന്നേ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ നെറ്റ് ഫ്ലിക്സ് ഒരു ഡോക്യുമെന്ററി ഇറക്കിയിട്ടുണ്ട്.എയ്ഞ്ചൽ ഡി മരിയയുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററിയാണ് ഇന്നലെ അവർ പുറത്തിറക്കിയിട്ടുള്ളത്.
ഈ ഡോക്യുമെന്ററിയിൽ എമിലിയാനോ മാർട്ടിനസ് നെയ്മർ ജൂനിയറെ കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്.2021 കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനക്കെതിരെ നെയ്മർ അസാധാരണമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. അന്ന് നെയ്മർ തടയാൻ സാധിക്കാത്ത ഒരു താരമായിരുന്നു എന്നാണ് അർജന്റൈൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.ഇത് മുൻപും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യമാണ്. നെറ്റ്ഫ്ലിക്സിന്റെ ഡോക്യുമെന്ററിയിൽ എമി പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.
” കോപ്പ അമേരിക്ക ഫൈനലിന്റെ രണ്ടാം പകുതിയിൽ നെയ്മർ തടയാൻ സാധിക്കാത്ത ഒരു താരമായിരുന്നു. അൺസ്റ്റോപ്പബിളായിരുന്നു. ഒരു മുന്നേറ്റത്തിൽ അദ്ദേഹം ഗൈഡോ റോഡ്രിഗസ്,ഓട്ടമെന്റി,ജർമ്മൻ പെസല്ല എന്നിവരെ നെയ്മർ ഒറ്റയ്ക്ക് മറികടന്നു.അപ്പോൾ ഞാൻ പറഞ്ഞു..ആരെങ്കിലുമൊന്ന് നെയ്മറെ തടയൂ.. അല്ലെങ്കിൽ അവൻ അത് ഗോളടിക്കുക തന്നെ ചെയ്യും എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത് ” ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ആ കോപ്പ അമേരിക്ക ഫൈനലിൽ മികച്ച പ്രകടനമാണ് നെയ്മർ നടത്തിയതെങ്കിലും ബ്രസീലിന് പരാജയപ്പെടാനായിരുന്നു വിധി.യഥാർത്ഥത്തിൽ അവിടെ നിന്നാണ് അർജന്റീനയുടെ കുതിപ്പ് ആരംഭിച്ചത്. ആ കോപ്പ അമേരിക്ക കിരീടം ലഭിച്ചതോടുകൂടി വലിയ ഒരു സമ്മർദ്ദം ഇറക്കിവെക്കാൻ അർജന്റീന മെസ്സിക്കും സാധിക്കുകയായിരുന്നു. പിന്നീട് അർജന്റീനയും മെസ്സിയും ഫുട്ബോൾ ലോകം കീഴടക്കുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്.