കാര്യങ്ങൾ തീരുമാനമാവുന്നു? അർജന്റീന-ബ്രസീൽ മത്സരം ഇനി എന്ന്? എവിടെ വെച്ച്?

ലാറ്റിനമേരിക്കയിലെ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. എന്നാൽ ഒരു മത്സരം സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന അർജന്റീന-ബ്രസീൽ മത്സരമായിരുന്നു പൂർത്തിയാക്കാനാവാതെ പോയത്.

ഏതായാലും ആ മത്സരം ഈ വരുന്ന സെപ്റ്റംബറിൽ വീണ്ടും നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതരുള്ളത്. എന്നാൽ ആ മത്സരം നടക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എന്തെന്നാൽ ഫിഫയുടെ കോടതിയിൽ ഈ മത്സരത്തിനെതിരെ ഇപ്പോഴും അപ്പീൽ നിലനിൽക്കുന്നുണ്ട്. ഈയൊരു വിഷയത്തിൽ ഫിഫ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഏതായാലും ഈ മത്സരം നടത്താനുള്ള തീയ്യതി നേരത്തെതന്നെ കണ്ടു വച്ചിട്ടുണ്ട്. വരുന്ന സെപ്റ്റംബർ 22-ആം തിയ്യതിയാണ് ഈ മത്സരം നടത്താൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസം 22-ആം തീയതിക്ക് മുന്നേ ഒരു വേദി നിശ്ചയിക്കേണ്ടത് സിബിഎഫിന്റെ ഉത്തരവാദിത്വമാണ്.ബ്രസീലിലെ ബെലെമിൽ സ്ഥിതി ചെയ്യുന്ന മാങ്കെയ്റാവോ സ്റ്റേഡിയമാണ് ഇതിന് കണ്ടു വെച്ചിരിക്കുന്നത്.

അടുത്ത ദിവസം സിബിഎഫിന്റെ ടെക്നിക്കൽ കമ്മിറ്റി ഈ സ്റ്റേഡിയം സന്ദർശിച്ചു കൊണ്ട് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിൽ നവീകരണ പ്രവർത്തനങ്ങൾ ഈ സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്. 35000 ത്തോളം ആളുകളെ ഉൾക്കൊള്ളാനുള്ള കപ്പാസിറ്റിയായിരുന്നു ഈ സ്റ്റേഡിയത്തിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ അതിപ്പോൾ 53000 ആയി ഉയർത്തിയിട്ടുണ്ട്.

2011-ലെ അർജന്റീന- ബ്രസീൽ മത്സരം ഇവിടെ വെച്ചായിരുന്നു നടന്നിരുന്നത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീനയെ പരാജയപ്പെടുത്താൻ ബ്രസീലിന് സാധിച്ചിരുന്നു.ഈ മാസം ബ്രസീലും അർജന്റീനയും തമ്മിലുള്ള ഒരു സൗഹൃദ മത്സരം നിശ്ചയിച്ചിരുന്നെങ്കിലും അത് ഉപേക്ഷിക്കപ്പെട്ടിരുന്നു.അടുത്ത സെപ്റ്റംബറിലെ മത്സരം നടക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *