അർജന്റീനക്ക് വീണ്ടും തിരിച്ചടി,ഗർനാച്ചോയെ വിട്ട് നൽകില്ല എന്നറിയിച്ച് യുണൈറ്റഡും!
ഈ മാസം നടക്കുന്ന കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ മയാമിയിലാണ് ഇപ്പോൾ അർജന്റീനയുടെ ക്യാമ്പ് ഉള്ളത്.ഭൂരിഭാഗം താരങ്ങളും ഇന്നലെ ക്യാമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ ഇന്ന് ജോയിൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോപ്പ അമേരിക്കക്ക് ശേഷം വളരെ പ്രധാനപ്പെട്ട ഒരു ടൂർണമെന്റ് കൂടി അർജന്റീനയെ കാത്തിരിക്കുന്നുണ്ട്. ഒളിമ്പിക്സിന് യോഗ്യത കരസ്ഥമാക്കാൻ ഹവിയർ മശെരാനോയുടെ അണ്ടർ 23 ടീമിന് സാധിച്ചിട്ടുണ്ട്. 3 സീനിയർ താരങ്ങളെ കളിപ്പിക്കാനുള്ള അനുമതി ഉള്ളതുകൊണ്ട് തന്നെ ആ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡിഫൻഡർ നിക്കോളാസ് ഓട്ടമെന്റി, സൂപ്പർ താരം ഹൂലിയൻ ആൽവരസ് എന്നിവർ ഒളിമ്പിക്സിൽ പങ്കെടുക്കും എന്നത് ഉറപ്പായിട്ടുണ്ട്.

ബാക്കിവരുന്ന സീനിയർ സ്പോട്ടിലേക്ക് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് വേണ്ടിയാണ് അർജന്റീന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബായ ആസ്റ്റൻ വില്ല ഇതുവരെ അനുമതി നൽകിയിട്ടില്ല. അതേസമയം അർജന്റീനയുടെ അണ്ടർ 23 കാറ്റഗറിയിൽ വരുന്ന എൻസോ ഫെർണാണ്ടസ്,അലജാൻഡ്രോ ഗർനാച്ചോ എന്നിവർക്ക് വേണ്ടി അർജന്റീന ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിൽ എൻസോക്ക് വേണ്ടിയുള്ള അർജന്റീനയുടെ റിക്വസ്റ്റ് അദ്ദേഹത്തിന്റെ ക്ലബ്ബായ ചെൽസി നിരസിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും അർജന്റീനയുടെ റിക്വസ്റ്റ് നിരസിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. അതായത് ഒളിമ്പിക്സിന് ഗർനാച്ചോയെ വിട്ട് നൽകാൻ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല.അതേസമയം ഈ താരങ്ങൾ ഒക്കെ തന്നെയും കോപ്പ അമേരിക്കയിൽ ഉണ്ടാകും. ജൂലൈ 24നും ഓഗസ്റ്റ് പത്തിനും ഇടയിലാണ് ഒളിമ്പിക്സ് നടക്കുന്നത്. ഒളിമ്പിക്സിന് താരങ്ങളെ വിട്ട് നൽകിയാൽ പ്രീ സീസൺ നഷ്ടമായേക്കും. എന്നാൽ ഗർനാച്ചോ ടീമിനോടൊപ്പം ഉണ്ടായിരിക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്.