ഉറപ്പിച്ചു, ലാറ്റിനമേരിക്കൻ മേഘല ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഒക്ടോബറിൽ നടക്കും

സൗത്തമേരിക്കൻ മേഘലയിലെ പത്ത് ടീമുകൾ പങ്കെടുക്കുന്ന വേൾഡ് കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഒക്ടോബറിൽ തന്നെ നടക്കുമെന്ന് കോൺമെബോൾ (CONMEBOL) അറിയിച്ചു. ഇന്നലെ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റീനോയുമായി കോൺമെബോൾ പ്രതിനിധികൾ നടത്തിയ ടെലികോൺഫെറൻസിലാണ് ഇക്കാര്യം തീരുമാനമായത്. ഇത് അറിയിച്ചു കൊണ്ട് ഫെഡറേഷൻ ഔദ്യോഗികമായി സ്‌റ്റേറ്റ്മെൻ്റ് ഇറക്കിയിട്ടുണ്ട്. ഒക്ടോബർ 8, 13 തീയ്യതികളിലായി ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളാവും നടത്തുക. എല്ലാ ടീമുകൾക്കും അവരുടെ മികച്ച ടീം ഇറക്കാൻ പറ്റുന്ന രൂപത്തിൽ കളിക്കാരെ വിട്ട് നൽകാൻ ക്ലബ്ബുകൾ ബാധ്യസ്ഥരാണെന്നും അതിന് വേണ്ട നടപടികൾ ഫിഫ കൈകൊള്ളുമെന്നും യോഗത്തിൽ ഇൻഫൻ്റീനോ ഉറപ്പ് നൽകി.

ബ്രസീൽ, അർജൻ്റീന, ഉറുഗ്വായ് തുടങ്ങിയ ലോകഫുട്ബോളിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്നതിനാൽ ഫുട്ബോൾ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളാണ് ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് ക്വോളിഫയറിൽ നടക്കുക. നേരത്തെ ഈ വർഷം മാർച്ചിൽ തുടങ്ങാനിരുന്ന മത്സരങ്ങൾ കൊവിഡ് 19 പ്രതിസന്ധി കാരണം സെപ്തംബറിലേക്ക് മാറ്റി വെച്ചിരുന്നു. അതാണ് പിന്നീട് ഒക്ടോബറിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഏതായാലും കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെയും ഫിഫ – കോൺമെബോൾ മീറ്റിംഗ് നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!