വളരെയധികം വിലമതിക്കുന്ന വിജയമെന്ന് മെസ്സി, സോഷ്യൽ മീഡിയയിൽ കൊണ്ടാടി അർജന്റൈൻ താരങ്ങൾ !

ഇന്നലെ നടന്ന ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ വെന്നിക്കൊടി നാട്ടാൻ മെസ്സിക്കും സംഘത്തിനും സാധിച്ചിരുന്നു. ലാ പാസിലെ വെല്ലുവിളി നിറഞ്ഞ സ്റ്റേഡിയത്തിലെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് അർജന്റൈൻ താരങ്ങൾ. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ലാ പാസിൽ വിജയക്കൊടി പാറിക്കുന്നത്. 2009-ൽ നാണംകെട്ട തോൽവിയുടെ ഓർമ്മകൾ തളംകെട്ടി നിൽക്കുന്ന ലാ പാസിലെ ഈ വിജയം അർജന്റീനക്ക് ആശ്വാസം നൽകുന്ന ഒന്നാണ്. അത് തന്നെയാണ് സൂപ്പർ താരം ലയണൽ മെസ്സിക്കും പറയാനുള്ളത്. ഏറെ വിലമതിക്കുന്ന വിജയമാണ് തങ്ങൾ നേടിയത് എന്നാണ് മെസ്സി മത്സരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയത്. ഇത്രയധികം ഉയരത്തിലുള്ള സ്ഥലത്ത് മഹത്തായ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നാണ് മെസ്സി മത്സരശേഷം രേഖപ്പെടുത്തിയത്. താരത്തെ കൂടാതെ ഒട്ടുമിക്ക അർജന്റീന ആരാധകരും ആ ആഘോഷം പങ്കുവെച്ചിട്ടുണ്ട്.

” ഏറെ ഉയരത്തിലുള്ള വേദിയിലെ മഹത്തായ വിജയമാണിത്. ഇത് എപ്പോഴും വളരെയധികം വിലമതിക്കുന്ന വിജയമാണ്. ഇനിയും ഞങ്ങൾക്ക് ഒരുപാട് മുന്നേറാനുണ്ട്. പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങിയിട്ടേയൊള്ളൂ. ഞങ്ങൾക്ക് രണ്ട് വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ” മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മെസ്സിക്ക് പുറമെ ലിയാൻഡ്രോ പരേഡസ്, ലൗറ്ററോ മാർട്ടിനെസ്, കൊറിയ, ഡി പോൾ, തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ ജയത്തെ കൊണ്ടാടിയിട്ടുണ്ട്. മിക്കവരും പങ്കുവെച്ചത് ഡ്രസിങ് റൂമിലെ ആഹ്ലാദത്തിന്റെ ചിത്രമാണ്. ഇനി അടുത്ത മാസമാണ് അർജന്റീന രണ്ട് മത്സരങ്ങൾ കളിക്കുന്നത്. പരാഗ്വയും പെറുവുമാണ് ഇനി അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *